രാജ്യത്തെ ഏറ്റവും കൂടുതല്‍ ആളുകയറുന്ന 10 വന്ദേഭാരതുകളില്‍ 4 എണ്ണവും കേരളത്തിൽ ഓടുന്നത്

ഇന്ത്യൻ റെയിൽവേയുടെ എല്ലാ സോണുകളിലും വരുമാനത്തിലും യാത്രക്കാരുടെ എണ്ണത്തിലും മുന്നിട്ട് ദക്ഷിണ റെയിൽവേ. ഏറ്റവും തിരക്കുള്ള വന്ദേഭാരതിൻ്റെ പത്ത് സർവീസുകളിൽ 4 എണ്ണം കേരളത്തിലൂടെ ഓടുന്നവയാണ്. ഇതിനു പുറമേ 9 എക്സ്പ്രസ് ട്രെയിനുകളും തിരക്ക് കൂടിയ സർവീസുകളിൽ ഉൾപ്പെടുന്നു.
മൊത്തം 96% റിസർവേഷനുള്ള ട്രെയിനുകളിൽ 75% ന് മുകളിലാണ് ദക്ഷിണ റെയിൽവേയുടെ ബുക്കിംഗ് . റിസർവ് ചെയ്ത ട്രെയിനുകളിൽ മൊത്തത്തിലുള്ള ഐആർ കണക്ക് 87% എന്ന നിലയിൽ ഉള്ളപ്പോഴാണിത്.

പാസഞ്ചർ റിസർവേഷൻ സിസ്റ്റം മെച്ചപ്പെടുത്തിയതും സീറ്റിങ് യൂട്ടിലൈസേഷൻ മാറ്റിയതുമാണ് ഇതിന് പ്രധാന കാരണം. ഇതനുസരിച്ച് ചാർട്ട് തയ്യാറാക്കി കഴിഞ്ഞാലും ട്രെയിൻ പുറപ്പെടുന്നതിന് 15 മിനിറ്റ് മുമ്പ് ടിക്കറ്റ് ബുക്ക് ചെയ്യാൻ സാധിക്കും. കൂടാതെ ഒരു സീറ്റിൽ തുടക്കം മുതൽ ഒരേ ഒരു യാത്രക്കാരൻ എന്നതു മാറ്റി ഒരു യാത്രക്കാരൻ ഇറങ്ങിയാൽ അടുത്ത സ്റ്റേഷനിൽ നിന്ന് മറ്റൊരാൾക്ക് ടിക്കറ്റ് ലഭ്യമാകുന്ന രീതിയിൽ നടത്തിയ ക്രമീകരണവും യാത്രക്കാരുടെ എണ്ണം കൂടുവാൻ കാരണമായിട്ടുണ്ട്.
യാത്രക്കാരുടെ എണ്ണത്തിന് പുറമേ വരുമാനത്തിലും ദക്ഷിണ റെയിൽവേ മുന്നിൽ തന്നെയാണ്. 2025-26 സാമ്പത്തിക വർഷത്തിൽ ദയാത്രക്കാരില്‍ നിന്ന് മാത്രമായി ലഭിച്ചത് 8,271.47 കോടി രൂപയാണ്. ഈ വർഷം മാത്രം വരുമാനത്തിൽ ഉണ്ടായത് 9.8 ശതമാനത്തിൻ്റെ വർധനയാണ്.രാജ്യത്താകമാനം റെയിൽവേ യാത്രക്കാരിൽ നിന്നുള്ള വരുമാനം 5 മുതൽ 7 ശതമാനം മാത്രമാണ് വർധിച്ചതെന്നിരിക്കെയാണിത്.
















































































































