ലോകസമാധാനത്തിനുവേണ്ടി പ്രാർഥിക്കണം: കെസിബിസി

പശ്ചിമേഷ്യ യുദ്ധ ഭീതിയിലായ സാഹചര്യത്തിൽ നീതിപുലരുന്നതിനും ദുരിതമനുഭവിക്കുന്നവർക്ക് ആശ്വാസമേകുന്നതിനും ദൈവാലയങ്ങളിൽ പ്രത്യേക പ്രാർഥനാ ശുശ്രൂഷ നടത്തണമെന്ന് കെസിബിസി പ്രസിഡൻ്റ് ആർച്ച്ബിഷപ് ഡോ. വർഗീസ് ചക്കാലയ്ക്കൽ ആഹ്വാനം ചെയ്തു.
യുദ്ധം എത്രയും വേഗം അവസാനിക്കപ്പെടണം. യുദ്ധങ്ങൾ മൂലം ഭൂമി തുടർച്ചയായി മുറിവേൽപ്പിക്കപ്പെടുകയാണ്. യുദ്ധങ്ങളുടെയും സായുധ സംഘർഷങ്ങളുടെയും ഇരകളെ ചേർത്തുപിടിക്കാനുള്ള സമയമാണിത്. യുദ്ധം എന്നത് തിന്മയാണെന്ന് തിരിച്ചറിയാൻ ലോക നേതാക്കൾക്കുണ്ടാവുന്നില്ല എന്നത് മനുഷ്യമനസകളെ വേദനിപ്പിക്കുന്നു. യുദ്ധം എന്നത് നികൃഷ്ടമായ ഒരു യാഥാർഥ്യവും അത് നുണകളുടെയും അസത്യങ്ങളുടെയും വിജയമാണെന്ന് നമു ക്ക് തിരിച്ചറിയാമെന്ന് ഫ്രാൻസിസ് പാപ്പാ വ്യക്തമാക്കിയിട്ടുണ്ട്. തങ്ങളുടെ സ്വാർഥ താത്പര്യങ്ങളുടെ വിജയവും ശത്രുവിന്റെ പൂർണമായ തകർച്ചയുമാണ് യുദ്ധങ്ങളിലൂടെ രാജ്യങ്ങൾ ലക്ഷ്യമിടുന്നത്. യുദ്ധഭീകരതയുടെ ഇരകളാകുന്നത് പലപ്പോഴും നിരപരാധികളായ മനുഷ്യരാണെന്നത് വേദനാജനകമാണെന്നും ഡോ. വർഗീസ് ചക്കാലയ്ക്കൽ ചൂണ്ടിക്കാട്ടി









































































