സെൻ്റ് പോൾസ് ബസിലിക്കയിൽ മാർപാപ്പയുടെ മൊസയിക്ക് ചിത്രം

റോമിലെ പൗരാണികമായ സെന്റ് പോൾസ് ബസിലിക്കയുടെ ചുവരുകളിൽ ഇനി ലെയോ പതിനാലാമൻ മാർപാപ്പയുടെ ചിത്രവും. ബസിലിക്കയുടെ ആർച്ച് പ്രീസ്റ്റ് കർദിനാൾ ജെയിംസ് മൈക്കൽ ഹാർവിയുടെ അഭ്യർത്ഥന പ്രകാരമാണ് മാർപാപ്പയുടെ മൊസെയിക് ഛായാചിത്രം തയാറാക്കിയത്. വിശുദ്ധ പത്രോസ് മുതലുള്ള സഭാ തലവന്മാരുടെ നിരയിൽ ഫ്രാൻസിസ് പാപ്പയ്ക്കു ശേഷമാണ് ഹൈക്കലായുടെ വലത്തേ ഭിത്തിയിൽ ഇതു സ്ഥാപിക്കുക.
കഴിഞ്ഞദിവസം മാർപാപ്പയുടെ സാന്നിധ്യത്തിൽത്തന്നെയാണു വത്തിക്കാൻ മൊസെയിക് സ്റ്റുഡിയോ ഈ കലാസൃഷ്ടി ലോകത്തിനു മുന്നിൽ വെളിപ്പെടുത്തിയത്. 137 സെൻ്റീമീറ്റർ വ്യാസമുള്ളതാണ് ഈ ചിത്രം. വത്തിക്കാനിലെ ഫാബ്രിക് ഓഫ് സെൻ്റ് പീറ്റർ സ്റ്റുഡിയോയിലാണ് വൃത്താകൃതിയിലുള്ള ചിത്രം നിർമിച്ചത്. സ്വർണവും ഗ്ലാസ് ഇനാമലുകളും ചേർത്ത് പുരാതനമായ ‘കട്ട്-മൊസൈക്ക്’ രീതിയിലാണ് ഇതു നിർമിച്ചിരിക്കുന്നത്. മാർപാപ്പയുടെ പെയിന്റ് ചെയ്ത രേഖാചിത്രത്തെ അടിസ്ഥാനമാക്കി മാസ്റ്റർ റോഡോൾഫോയാണ് ഈ ശില്‌പത്തിനു ജീവൻ നൽകിയത്.









































































