ഭൂനിയമ ചട്ട ഭേദഗതി : കോൺഗ്രസ് നേതൃത്വത്തിൽ വാർഡുകളിൽ ഭേദഗതിയുടെ കോപ്പി കത്തിച്ച് പ്രതിഷേധിക്കുന്നു

ഭൂനിയമ ചട്ട ഭേദഗതി : കോൺഗ്രസ് നേതൃത്വത്തിൽ വാർഡുകളിൽ ഭേദഗതിയുടെ കോപ്പി കത്തിച്ച് പ്രതിഷേധിക്കുന്നു സെപ്റ്റംബർ പതിനഞ്ച് തിങ്കളാഴ്ച. ഭൂപതിവ് ചട്ട ഭേദഗതിയുടെ മറവിൽ ജില്ലയിലെ ഭൂപ്രശ്നങ്ങൾ സങ്കീർണ്ണമാക്കിയ ഇടതുസർക്കാരിന്റെ കർഷക വഞ്ചനക്കെതിരെ ജില്ലാ കോൺഗ്രസ് നടത്തിവരുന്ന സമരത്തിന്റെ ഭാഗമായി സെപ്റ്റംബർ പതിനഞ്ചാം തിങ്കളാഴ്ച കോൺഗ്രസ് കട്ടപ്പന ബ്ലോക്ക് കമ്മിറ്റിക്ക് കീഴിൽ വരുന്ന മണ്ഡലങ്ങളിൽ വാർഡ് കോൺഗ്രസ് കമ്മറ്റികളുടെ നേതൃത്വത്തിൽ എല്ലാ വാർഡുകളിലും ചട്ടഭേദഗതിയുടെ പകർപ്പ് കാത്തിച്ച് പ്രതിഷേധിക്കുമെന്ന് കോൺഗ്രസ് കട്ടപ്പന ബ്ലോക്ക് പ്രസിഡണ്ട് തോമസ് മൈക്കിൾ അറിയിച്ചു. പതിറ്റാണ്ടുകളായി ആളുകൾ താമസിച്ചുകൊണ്ടിരിക്കുന്ന വീടുകളും, ഉപയോഗിക്കുന്ന കടമുറികളും അപേക്ഷഫീസും പിഴ തുകയും ഈടാക്കി ക്രമവൽക്കരിച്ച് എല്ലാ ഭൂപ്രശ്നങ്ങളും പരിഹരിച്ചു എന്ന വ്യാജപ്രചരണം നടത്തുന്ന ഗവൺമെന്റും ഇടതുപക്ഷവും ജില്ലയിലെ ജനങ്ങളെ കബളിപ്പിക്കുകയാണ്. നിലവിൽ ജനങ്ങളെ ബാധിക്കുന്ന ഭൂപ്രശ്നങ്ങളായ നിർമ്മാണ നിരോധനം, പട്ടയം ഉൾപ്പെടെയുള്ള വിഷയങ്ങളൊന്നും പരിഹരിക്കാൻ ഒരു നടപടിയും ഇല്ലാതെയാണ് ആറ് പതിറ്റാണ്ടായി ജില്ലയിൽ നിലനിൽക്കുന്ന ഭൂപ്രശ്നങ്ങൾ പരിഹരിച്ചുവെന്ന അവകാശവാദവുമായി ജില്ലയിൽ നിന്നുള്ള മന്ത്രി ഉൾപ്പെടെയുള്ള ഇടതുനേതാക്കൾ രംഗത്തിറങ്ങിയിരിക്കുന്നത്. ചട്ട ഭേദഗതിയുടെ മറവിൽ ജനങ്ങളെ കൊള്ളയടിക്കാനും, അവരെ പറഞ്ഞുപറ്റിച്ച് അധിക ഭാരം അടിച്ചേൽപ്പിക്കാനുമുള്ള സർക്കാരിന്റെ നടപടിക്കെതിരെയാണ് കോൺഗ്രസ് പാർട്ടി സമരം നടത്തുന്നത്. കോൺഗ്രസ് കട്ടപ്പന ബ്ലോക്ക് കമ്മറ്റിക്ക് കീഴിൽവരുന്ന കട്ടപ്പന, കാഞ്ചിയാർ, കാമാക്ഷി, കൊന്നത്തടി, വാത്തിക്കുടി മണ്ഡലങ്ങളിലെ നൂറ്റിയഞ്ച് വാർഡുകളിലും വാർഡ് കമ്മറ്റികളുടെ നേതൃത്വത്തിൽ പതിനഞ്ചാം തീയതി വൈകുന്നേരം ആറ് മണിക്ക് ചട്ടഭേദഗതി കത്തിച്ച് പ്രതിഷേധിക്കുമെന്നും തോമസ് മൈക്കിൾ അറിയിച്ചു.













































































