ജില്ലയിലെ ദേശീയപാതകൾ പാഴ്‌വസ്തു പാതകൾ ആകുന്നു
വണ്ടിപ്പെരിയാർ ∙ ദേശീയപാതയോരത്ത് പാഴ്‌വസ്തുക്കൾ അടിഞ്ഞു കൂടിക്കിടക്കുന്നത് അപകട സാധ്യത സൃഷ്ടിക്കുന്നു. കുമളി– കോട്ടയം റോഡിലെ കൊടുംവളവുകളിൽ ഉൾപ്പെടെ വീടുകളിലും നിന്നും സ്ഥാപനങ്ങളിൽ നിന്നുളള ഉപയോഗശൂന്യമായ വസ്തുക്കൾ കൊണ്ടു തള്ളിയിരിക്കുകയാണ്. പഴയ വാഹനങ്ങൾ മുതൽ വിറക് വരെ വീതി കുറഞ്ഞ റോഡിന്റെ വീതി അപഹരിച്ചു കിടക്കുന്നതാണ് കാഴ്ച.
ചിലയിടങ്ങളിൽ പാഴ് വസ്തുക്കൾ വിൽപന നടത്തുന്നതിനു ശേഖരിച്ച ആളുകൾ തന്നെ ആണ് ഇവ വഴിയോരത്ത് കൂട്ടിയിട്ടിരിക്കുന്നത്. വാഹനം വളരെ അടുത്ത് എത്തുമ്പോൾ മാത്രമാണ് ഇത്തരത്തിൽ റോഡിൽ കിടക്കുന്ന സാധനങ്ങൾ കാണാൻ കഴിയുന്നത്. വിനോദസഞ്ചാരികളും തീർഥാടകരും ആണ് അപകടത്തിൽ പെടുന്നവരിൽ കൂടുതലും. വാഹനങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചാൽ ആരോടും പരാതി പറയാനോ നഷ്ടപരിഹാരം ചോദിക്കാനോ കഴിയില്ല.
മഴയും കോടമഞ്ഞും അപകടസാധ്യത വർധിപ്പിക്കുന്നു. പെരിയാർ, വാളാടി, പാമ്പനാർ, തുടങ്ങിയ തിരക്കേറിയ ജംക്‌ഷനുകളിൽ പോലും ഉപയോഗശൂന്യമായ വസ്തുക്കൾ റോഡ് കയ്യടക്കി കഴിഞ്ഞു. സംഭവം ചൂണ്ടികാട്ടി പഞ്ചായത്ത് തലത്തിൽ പരാതി നൽകിയെങ്കിലും നടപടികൾ ഉണ്ടായിട്ടില്ല. മോട്ടർ വാഹന വകുപ്പ് അധികൃതരും പൊലീസും നിയമനടപടികൾക്ക് മുതിരുന്നില്ല. റോഡ് സുരക്ഷ അതോറിറ്റി ചെയർമാനു പരാതി നൽകാൻ തീരുമാനിച്ചിരിക്കുകയാണ് നാട്ടുകാർ.