സഹകരണ മേഖലയിൽ നിക്ഷേപം തിരികെ കിട്ടാതെ നടക്കുന്ന ഓരോ ആത്മഹത്യയുടെയും ധാർമ്മിക ഉത്തരവാദിത്വം കേരളത്തിന്റെ മുഖ്യമന്ത്രി പിണറായി വിജയനാണെന്ന് യുഡിഎഫ് ഇടുക്കി ജില്ലാ ചെയർമാൻ ജോയി വെട്ടിക്കുഴി കുറ്റപ്പെടുത്തി.
കേരളത്തിലെ സഹകരണ സ്ഥാപനങ്ങളിലെ നിക്ഷേപങ്ങളുടെ കാര്യത്തിൽ സർക്കാരിന് പൂർണ്ണ ഉത്തരവാദിത്വമുണ്ടെന്നും ഒരാൾ പോലും ആത്മഹത്യ ചെയ്യുവാനുള്ള സാഹചര്യം ഉണ്ടാക്കുകയില്ലയെന്നും മുഖ്യമന്ത്രി ഉറപ്പു നൽകണം. സംസ്ഥാനത്തെ സാധാരണ സഹകരണ സ്ഥാപനങ്ങളുടെ ആശ്രയകേന്ദ്രമായി രുന്ന ജില്ലാ ബാങ്കുകൾ പിരിച്ചുവിട്ട് കേരള ബാങ്കിൽ ലയിപ്പിച്ചതിന്റെ ദുരന്ത ഫലങ്ങളാണ് ഈ ആത്മഹത്യകൾ. സാമ്പത്തിക പ്രതിസന്ധി ഉണ്ടാകുന്ന സഹകരണ സ്ഥാപനങ്ങൾക്ക് സമയബന്ധിതമായ സഹായം കിട്ടാതെ അനാഥത്വം അനുഭവിക്കുന്ന സ്ഥിതിവിശേഷമാണ് സംസ്ഥാനത്ത് നിലവിലുള്ളത്. ഭരണത്തിന്റെ ധാർഷ്ട്യം ഉപയോഗിച്ച് സഹകരണ സ്ഥാപനങ്ങൾ പിടിച്ചെടുക്കുമ്പോൾ ജനങ്ങൾക്ക് സ്ഥാപനത്തിൻമേലുള്ള വിശ്വാസം നഷ്ടപ്പെടുകയും സ്ഥാപനം സാമ്പത്തിക പ്രതിസന്ധിയിലാവുകയും ചെയ്യുന്നു. ജനങ്ങളുടെ നിഷേപത്തുക കൊള്ളയടിച്ച് പാർട്ടി ഓഫീസുകൾക്ക് സ്ഥലം വാങ്ങിക്കുക, കെട്ടിടം പണിയുക തുടങ്ങിയവയൊക്കെ ജനങ്ങളുടെ വിശ്വാസം നഷ്ടപ്പെടുന്നതിന് കാരണമായിത്തീരുന്നു. തിരിച്ചടവ് ശേഷി പരിഗണിക്കാതെ പാർട്ടി മാത്രം നോക്കി വായ്പകൾ നൽകുമ്പോൾ വായ്പാ തിരിച്ചടവില്ലാതെ സ്ഥാപനം പ്രതിസന്ധിയിലാകും. നിക്ഷേപങ്ങൾ തിരിച്ചു കൊടുക്കുവാൻ നിവൃത്തിയില്ലാതെ വരുമ്പോൾ നിക്ഷേപകരെ കള്ളക്കേസിൽ കുടുക്കുമെന്ന് പറഞ് ഭീഷണിപ്പെടുത്തുന്ന പ്രവണതയും നല്ലതല്ല. കട്ടപ്പനയിൽ സാബുവിന്റെ ആത്മഹത്യക്ക് പ്രേരണ നൽകിയവർക്കെതിരെ മാതൃകാപരമായ നടപടികൾ സ്വീകരിക്കുവാൻ പോലീസ് തയ്യാറാകണം. മരണവുമായി ബന്ധപ്പെട്ട കാര്യത്തിൽ നടപടി സ്വീകരിക്കുന്നതിൽ ഉദ്യോഗസ്ഥർ കാണിച്ച അലംഭാവം തുടരാനിടയായാൽ ഗുരുതരമായ ഭവിഷത്തുകൾ ഉണ്ടാകുമെന്നും സാബുവിന്റെ കുടുംബത്തിന് നീതി കിട്ടുന്നത് വരെ യുഡിഎഫ് അവരോടൊപ്പം ഉണ്ടാകുമെന്നും ചെയർമാൻ അറിയിച്ചു.