എറണാകുളം കോതമംഗലത്ത് വിദ്യാർഥിനിയെ സുഹൃത്ത് വെടിവച്ചു കൊലപ്പെടുത്തിയശേഷം ജീവനൊടുക്കി
കൊച്ചി: എറണാകുളം കോതമംഗലത്ത് വിദ്യാർഥിനിയെ സുഹൃത്ത് വെടിവച്ചു കൊലപ്പെടുത്തിയശേഷം ജീവനൊടുക്കി. ഡെന്റൽ വിദ്യാർഥിനിയായ മാനസയെയാണ് സുഹൃത്തായ രാഗിൻ കൊലപ്പെടുത്തിയത്. ഇന്ന് ഉച്ചയ്ക്കായിരുന്നു സംഭവം.
മാനസയെ വെടിയുതിർത്തശേഷം രാഗിൻ സ്വയം നിറയൊഴിക്കുകയായിരുന്നു. ഇരുവരും കണ്ണൂർ സ്വദേശികളാണ്. നെല്ലിക്കുഴി ഇന്ദിരാഗാന്ധി ഡെന്റൽ കോളജിലെ വിദ്യാർഥിനിയായ മാനസ താമസിച്ചിരുന്ന കോതമംഗലത്തെ വീട്ടിലെത്തിയാണ് രാഗിൻ പെൺകുട്ടിയെ കൊലപ്പെടുത്തിയത്. മാനസ ഹൗസ് സർജനായിരുന്നു.
മാനസ താമസിച്ച വീട്ടിലെത്തിയ രാഗിനോട് നീയെന്തിന് ഇവിടെ വന്നതെന്ന് പെൺകുട്ടി ചോദിച്ചിരുന്നു. ഉടനെ രാഗിൻ മാനസയെ ബലമായി അടുത്ത മുറിയിലേക്ക് പിടിച്ചുകൊണ്ടുപോയി. ഇവിടെ വച്ചാണ് വെടിയുതിർത്തത്.
വെടിയേറ്റശേഷം ജീവനുണ്ടായിരുന്ന പെൺകുട്ടിയെ നാട്ടുകാർ സമീപത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇരുവരുടെയും മൃതദേഹങ്ങൾ കോതമംഗലം ബസേലിയോസ് ആശുപത്രിയിലേക്ക് മാറ്റി.
പൂർവ വൈരാഗ്യമാണ് കൊലപാതകത്തിന്റെ കാരണമെന്നാണ് കരുതുന്നത്. മാനസയുടെ ഫോൺ പോലീസ് പരിശോധിക്കുന്നുണ്ട്. മാനസയെ കൊലപ്പെടുത്തുകയെന്ന ഉദ്ദേശത്തോടെ രാഗിൻ ഇവിടെയെത്തിയതാണെന്നാണ് വിവരം.
കൊലപാതകവുമായി ബന്ധപ്പെട്ട് അന്വേഷണം ആരംഭിച്ചതായി എറണാകുളം റൂറൽ പോലീസ് അറിയിച്ചു. കൊലയാളി ജീവനൊടുക്കിയതിനാൽ കൊലയ്ക്ക് പിന്നിലെ കാരണമാണ് പോലീസ് അന്വേഷിക്കുക.