മനുഷ്യാവകാശ കമ്മീഷന് ഇടപെട്ടു;വിദ്യാഭ്യാസ വായ്പ അനുവദിച്ചു
എസ് എസ് എല്‍ സി ക്കും പ്ലസ്സ്ടുവിനും 90 ശതമാനം മാര്‍ക്ക് വാങ്ങിയ നിര്‍ദ്ധന കുടുംബാംഗമായ വിദ്യാര്‍ത്ഥിക്ക് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്റെ ഇടപെടലിനെ തുടര്‍ന്ന് വിദ്യാഭ്യാസ വായ്പ അനുവദിച്ചു. വെള്ളത്തൂവല്‍ തോക്കുപാറ സ്വദേശി മനോഹരന്റെ പരാതിയില്‍ കമ്മീഷന് അദ്ധ്യക്ഷന്‍ ജസ്റ്റിസ് ആന്റണി ഡൊമിനിക് ഐ സി ഐ സി ഐ ബാങ്ക് അടിമാലി ശാഖാമാനേജറില് നിന്നും അടിയന്തിര റിപ്പോര്‍ട്ട് ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് മൂന്ന് ലക്ഷം രൂപയുടെ വായ്പ അനുവദിച്ചത്.
പരാതിക്കാരന്റെ മകന് തമിഴ് നാട്ടിലെ ഈറോഡിലുള്ള എഞ്ചിനീയറിംഗ് കോളേജില്‍ കെമിക്കല്‍ എഞ്ചിനീയറിംഗ് പഠിക്കാനാണ് വായ്പക്ക് അപേക്ഷ നല്‍കിയത്. അപേക്ഷ പരിശോധിച്ച ബാങ്ക് വായ്പ അനുവദിക്കാമെന്ന് വാക്കാല്‍ ഉറപ്പു നല്‍കിയതായി പരാതിയില്‍ പറയുന്നു. 48,000 രൂപയുടെ വാര്‍ഷിക വരുമാന സര്‍ട്ടിഫിക്കേറ്റാണ് പരാതിക്കാരന് ബാങ്കില്‍ ഹാജരാക്കിയത്.
എന്നാല്‍ വാര്‍ഷിക വരുമാനം കുറവായതിനാല്‍ വായ്പ അനുവദിക്കാന്‍ കഴിയില്ലെന്ന് ബാങ്ക് പിന്നീട് നിലപാടെടുത്തു. 4,50,000 രൂപയുടെ വരുമാന സര്‍ട്ടിഫിക്കേറ്റ് ഹാജരാക്കാന്‍ ബാങ്ക് നിര്‍ദ്ദേശിച്ചെങ്കിലും മറ്റ് വരുമാന മാര്‍ഗ്ഗമില്ലാത്തതിനാല്‍ സര്‍ട്ടിഫിക്കേറ്റ് ലഭിച്ചില്ല. ഇതിനിടയില്‍ ലോണ്‍ അനുവദിക്കാമെന്ന ബാങ്കിന്റെ ഉറപ്പില്‍ പലരില്‍ നിന്നും പണം കടംവാങ്ങി മകനെ ഈറോഡിലുള്ള കോളേജില്‍ ചേര്‍ത്തു. ഒടുവില്‍ ബാങ്ക് വായ്പ നിഷേധിച്ചതോടെ മകന്റെ പഠനം അവതാളത്തിലായി. ഇതിനെ തുടര്‍ന്നാണ് പരാതിക്കാരന് കമ്മീഷനെ സമീപിച്ചത്. വായ്പ അനുവദിച്ചതായി ബാങ്ക് കമ്മീഷനെ അറിയിച്ചു.