ഏലയ്ക്കാ ലേലം പുനരാരംഭിച്ചു;പരമാവധി വില 1747 രൂപയും ശരാശരി വില 1103 രൂപയും ലഭിച്ചു.
കട്ടപ്പന: ലോക് ഡൗണിനെ തുടര്‍ന്ന് നിര്‍ത്തി വച്ചിരുന്ന ഏലയ്ക്കാ ലേലം സ്പൈസസ് ബോര്‍ഡ് പുനരാരംഭിച്ചു. കര്‍ഷകരുടെ ദുരിതം കണക്കിലെടുത്ത് കലക്റ്ററുടെ പ്രത്യേക നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാണ് നടപടിയുണ്ടായത്. ഇന്നലെ ബോഡിനായ്ക്കന്നൂരില്‍ നടന്ന ആദ്യ ലേലത്തില്‍ സൗത്ത് ഇന്ത്യന്‍ ഗ്രീന്‍ കാര്‍ഡമം കമ്പനി നടത്തിയ ലേലത്തില്‍ 51703 കിലോ കായാണ് പതിഞ്ഞത്. പരമാവധി വില 1747 രൂപയും ശരാശരി വില 1103 രൂപയും ലഭിച്ചു. ഉച്ചകഴിഞ്ഞ് നടന്ന ഗ്രീന്‍ കാര്‍ഡമം ട്രേഡിങ് കമ്പനിയുടെ ലേലത്തില്‍ 28701.9 കിലോ കായാണ് പതിഞ്ഞത്. 1677 രൂപയായിരുന്നു പരമാവധി വില. ശരാശരി വില 1139. കോവിഡ് മാനദണ്ഡം പാലിച്ചാണ് ലേലം ക്രമീകരിച്ചിട്ടുള്ളത്. ലേലത്തില്‍ പങ്കെടുക്കാനാകുന്ന കച്ചവടക്കാരുടെ എണ്ണം 25 മാത്രമായിരിക്കും. പങ്കെടുക്കുന്നവര്‍ ഏറ്റവും പുതിയതായി എടുത്ത ആര്.ടി.പി.സി.ആര് പരിശോധനാ ഫലമോ, രണ്ടാംഡോസ് കോവിഡ് വാക്സിന് സ്വീകരിച്ചതിന്റെ രേഖകളോ നിര്‍ബന്ധമായും ഹാജരാക്കണം. കണ്ടെയ്ന്മെന്റ് പ്രദേശങ്ങളില്‍നിന്നുള്ളവര്‍ക്ക് ലേലത്തില്‍ പങ്കെടുക്കാന്‍ വിലക്കുണ്ട്. ഇവ ലേലകേന്ദ്രങ്ങള്‍ ഉറപ്പുവരുത്തണമെന്നും നിര്‍ദേശമുണ്ട്. പുറ്റടിയില്‍ 28നാണ് ആദ്യലേലം. കാര്‍ഡമം പ്ലാന്റേഴ്സ് മാര്‍ക്കറ്റിങ് കോ -ഓപ്പറേറ്റീവ് സൊസൈറ്റിയുടെയും പ്ലാന്റേഴ്സ് അസോസിയേഷനുമാണ് നടത്തിപ്പുകാര്‍.