അടിമാലിയിൽ ലഹരി വിരുദ്ധ ബോധവൽക്കരണവുമായി മാജിക് ഷോ

അടിമാലി: എസ്.എൻ.ഡി.പി വൊക്കേഷണൽ & ഹയർ സെക്കന്ററി സ്കൂളിൽ ലഹരി വിരുദ്ധ ബോധവൽക്കരണ സന്ദേശവുമായി മാജിക് ഷോ സംഘടിപ്പിച്ചു. എൻ.എസ്.എസ് യൂണിറ്റും സ്റ്റുഡന്റ് പോലീസ് കേഡറ്റ് യൂണിറ്റും സെൻട്രൽ ബ്യൂറോ ഓഫ് കമ്മ്യൂണിക്കേഷൻ (എറണാകുളം ഫീൽഡ് യൂണിറ്റ്)യും സംയുക്തമായി സംഘടിപ്പിച്ച പരിപാടി വിദ്യാർത്ഥികൾക്ക് കൗതുകകരവും അറിവേകുന്നതുമായ അനുഭവമായി.
മാജീഷ്യൻ ആർ. സി. ബോസ് അവതരിപ്പിച്ച മാജിക് ഷോയിൽ വിനോദത്തോടൊപ്പം സാമൂഹിക ബോധവൽക്കരണ സന്ദേശങ്ങളും ഉൾപ്പെട്ടിരുന്നു. ലഹരി ഉപയോഗത്തിന്റെ അപകടങ്ങളും അതിൽ നിന്നും വിട്ടുനിൽക്കേണ്ടതിന്റെ ആവശ്യകതയും മാജിക് പ്രകടനങ്ങളിലൂടെ അവതരിപ്പിച്ചപ്പോൾ വിദ്യാർത്ഥികൾ ആവേശത്തോടെയും കൗതുകത്തോടെയും പരിപാടി ആസ്വദിച്ചു.
സ്കൂൾ പ്രിൻസിപ്പൽ ശോഭ കെ. എസ്. ഉദ്ഘാടനം ചെയ്ത ചടങ്ങിൽ സെൻട്രൽ ബ്യൂറോ ഓഫ് കമ്മ്യൂണിക്കേഷൻ എറണാകുളം ഫീൽഡ് പബ്ലിസിറ്റി ഓഫീസർ അബ്ദു മനാഫ് മുഖ്യാതിഥിയായിരുന്നു. സി.ബി.സി. ഉദ്യോഗസ്ഥൻ ഹനീഫ്, എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർമാരായ അജയ് ബി, സൗമ്യ, സ്റ്റുഡന്റ് പോലീസ് കേഡറ്റ് ഓഫിസർമാരായ വിനു കെ., വിഷ്ണു എന്നിവർ നേതൃത്വം നൽകി.
വിദ്യാർത്ഥികൾക്കിടയിൽ ആരോഗ്യമുള്ള ജീവിത രീതിയുടെയും സാമൂഹിക ഉത്തരവാദിത്തബോധത്തിന്റെയും സന്ദേശം എത്തിക്കാൻ ഇത്തരം പരിപാടികൾ ഏറെ സഹായകരമാണെന്ന് സംഘാടകർ അഭിപ്രായപ്പെട്ടു.









































































