ചെറുതോണിയില്‍ പുതിയ ബസ് സ്റ്റാൻഡിന് സമീപം കെ.എസ്.ആര്.ടി.സി സബ് ഡിപ്പോ ആരംഭിക്കുന്നതിന് മുന്നോടിയായി ഉദ്യോഗസ്ഥര്‍ സ്ഥലം സന്ദര്‍ശിച്ചു
ചെറുതോണി: ചെറുതോണിയില്‍ പുതിയ ബസ് സ്റ്റാൻഡിന് സമീപം കെ.എസ്.ആര്.ടി.സി സബ് ഡിപ്പോ ആരംഭിക്കുന്നതിന് മുന്നോടിയായി ഉദ്യോഗസ്ഥര്‍ സ്ഥലം സന്ദര്‍ശിച്ചു. ഗതാഗത മന്ത്രി ആന്റണി രാജു, മന്ത്രി റോഷി അഗസ്റ്റിൻ തുടങ്ങിയവര്‍ പങ്കെടുത്ത ഉന്നത തലയോഗത്തില്‍ സ്ഥലം സന്ദര്‍ശിച്ച് അടിയന്തര റിപ്പോര്‍ട്ട് നല്കാൻ നിര്‍ദ്ദേശം നല്‍കിയിരുന്നു. ഇത് പ്രകാരമാണ് ഉദ്യോഗസ്ഥര്‍ സ്ഥലം സന്ദര്‍ശിച്ചത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ടി ബിനു, ജില്ലാ പഞ്ചായത്ത് ആസൂത്രണ സമിതി ഉപാദ്ധ്യക്ഷൻ സി.വി വര്‍ഗ്ഗീസ്, ജില്ലാപഞ്ചായത്തംഗം കെ.ജി സത്യൻ എന്നിവര്‍ ആവശ്യമായ സ്ഥലം അനുവദിച്ച് നല്‍കുന്നത് സന്നദ്ധത അറിയിച്ചിരുന്നു. ജില്ലാപഞ്ചായത്ത് പൊലീസ് സ്റ്റേഷന് സമീപം നിര്‍മ്മിച്ചിരിക്കുന്ന പുതിയ കെട്ടിടത്തില്‍ സ്റ്റേഷൻ മാസ്റ്റര്‍ ഓഫീസ്, ടിക്കറ്റ് കൗണ്ടര്‍, വിശ്രമ മുറി എന്നിവ ജില്ലാ പഞ്ചായത്തിന്റെ പുതിയ കെട്ടിടത്തില്‍ അനുവദിക്കുന്നതിനും ബസ് സ്റ്റാൻഡിനോട് ചേര്‍ന്നുള്ള 40 സെന്റ് സ്ഥലത്ത് പെട്രോള്‍ പമ്ബും സ്ഥാപിക്കും.
ഇതിനോട് ചേര്‍ന്നുള്ള 1 ഏക്കര്‍ 60 സെന്റ് സ്ഥലം ഗ്യാരേജ്, റാംമ്ബ് എന്നിവ നിര്‍മ്മിക്കുന്നതിനും തീരുമാനമെടുത്തു. സെപ്തംബര്‍ മാസത്തോടെ പുതിയ സബ് ഡിപ്പോ ആരംഭിക്കത്തക്ക വിധമുള്ള നിര്‍മ്മാണ പ്രവര്‍ത്തനമാണ് ലക്ഷ്യമിടുന്നത്. ചെറുതോണിയില്‍ നിന്നും 15 സര്‍വ്വീസുകള്‍ ആരംഭിക്കത്തക്കവിധം റൂട്ടുകള്‍ തയ്യാറാക്കുന്നതിനായി കെ.എസ്.ആര്.ടി.സി ജില്ലാ ഓഫീസറെ ചുമതലപ്പെടുത്തി. അടിയന്തരമായി നിര്‍മ്മിക്കേണ്ട റാംപ് , ഗ്യാരേജ് എന്നിവയുടെ ഡിസൈൻ തയ്യാറാക്കി മൂന്ന് ദിവസത്തിനകം കൈമാറും. ജില്ലാ ആസൂത്രണ സമിതി ഉപാദ്ധ്യക്ഷൻ സി.വി വര്‍ഗ്ഗീസ്, കെ.എസ്.ആര്.ടി.സി മെക്കാനിക്കല്‍ എൻജിനിയറും മാനേജിംഗ് ഡയറക്ടറുടെ പ്രൈവറ്റ് സെക്രട്ടറിയുമായ ചന്ദ്രബാബു, ജില്ലാ പൊലീസ് മേധാവി വി.യു കുര്യാക്കോസ്, എസ്റ്റേറ്റ് ഓഫീസര്‍ സി. ഉദയകുമാര്‍, ലാൻഡ് അക്വസൈസേഷൻ ഓഫീസര്‍ വിനോദ് കുമാര്‍, ഇടുക്കി തഹസീല്‍ദാര്‍ മിനിജോണ്‍, മന്ത്രിയുടെ പേഴ്സണല്‍ അസിസ്റ്റന്റ് ബിനോയ് വാട്ടപ്പള്ളില്‍, എറണാകുളം സോണല്‍ ഓഫീസര്‍ കെ.ടി. ബിനു, ജില്ലാ ഓഫീസര്‍ സന്തോഷ് ഡി.സി.പി ഓഫീസര്‍ പ്രശാന്ത് കൈമള്‍, ഇടുക്കി വില്ലേജ് ഓഫീസര്‍ സിബി മാത്യു, എന്നിവരുടെ നേതൃത്വത്തിലാണ് സ്ഥലം സന്ദര്‍ശിച്ചത്.