കേരളത്തിൽ ഇന്ന് മഴ കനക്കും, അടുത്ത അഞ്ച് ദിവസവും ശക്തമായ മഴയ്ക്ക് സാധ്യത
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് മുതല്‍ കാലവര്‍ഷം കനക്കുമെന്ന് റിപ്പോര്‍ട്ട്. വടക്ക് പടിഞ്ഞാറൻ ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദ്ദവും തെക്കൻ ഗുജറാത്ത് തീരം മുതല്‍ കേരള തീരം വരെ നിലനില്‍ക്കുന്ന ന്യൂനമര്‍ദ്ദ പാത്തിയുമാണ് മഴ ശക്തമാകാൻ കാരണമാവുക. മഴ ശക്തമാകുന്ന സാഹചര്യത്തില്‍ ഇന്ന് ഇടുക്കി ജില്ലയില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇവിടെ അതിശക്തമായ മഴ ലഭിക്കും.
എട്ട് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. വയനാട്, മലപ്പുറം, പാലക്കാട്, തൃശ്ശൂര്‍, എറണാകുളം, കോട്ടയം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളിലാണ് ഇന്ന് യെല്ലോ പ്രഖ്യാപിച്ചിരിക്കുന്നത്. ഇവിടെ ശക്തമായ മഴയുണ്ടാകും. സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം വ്യാപകമായ മഴക്ക് സാധ്യതയെന്നാണ് കാലാവസ്ഥ വകുപ്പ് നല്കുന്ന മുന്നറിയിപ്പ്.
കേരള തീരത്ത് ഇന്ന് രാത്രി 11.30 വരെ 2.3 മുതല്‍ 2.8 മീറ്റര്‍ വരെ ഉയരത്തില്‍ തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (INCOIS) മുന്നറിയിപ്പ് നല്കി. സെക്കൻഡില്‍ 51 cm നും 63 cm നും ഇടയില്‍ വേഗത്തില്‍ ശക്തമായ തിരമാലകള്‍ ഉണ്ടാകും. അതിനാല്‍ തീരദേശത്ത് താമസിക്കുന്നവരും കടലില്‍ പോകുന്നവരും ജാഗ്രത പാലിക്കണം.
24 മണിക്കൂറില്‍ 115.6 mm മുതല്‍ 204.4 mm വരെ മഴ ലഭിക്കുമെന്നാണ് അതിശക്തമായ മഴ (Very Heavy Rainfall) എന്നത് കൊണ്ട് കാലാവസ്ഥ വകുപ്പ് അര്‍ത്ഥമാക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്ററില്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്.
അടുത്ത ദിവസങ്ങളിലെ മഴസാധ്യത പ്രവചനം
യെല്ലോ അലര്‍ട്ട്
29-06-2023: കണ്ണൂര്‍, കാസറഗോഡ്
30-06-2023: ഇടുക്കി, കണ്ണൂര്‍, കാസറഗോഡ്