യുണൈറ്റഡ് സ്റ്റേറ്റ്സ് ഓഫ് കൈലാസയുമായുള്ള കരാർ റദ്ദാക്കി നെവാർക്ക്
ന്യൂഡൽഹി: ബലാത്സംഗക്കേസിലെ പ്രതിയും സ്വയം പ്രഖ്യാപിത ആൾദൈവവുമായ നിത്യാനന്ദയുടെ സാങ്കൽപ്പിക രാജ്യമായ ‘യുണൈറ്റഡ് സ്റ്റേറ്റ്സ് ഓഫ് കൈലാസ’യുമായുള്ള സഹോദരി- നഗര കരാർ റദ്ദാക്കി യുഎസ് നഗരമായ നെവാർക്ക്. ‘ഖേദകരം’ എന്ന് വിശേഷിപ്പിച്ചാണ് നടപടി.
നെവാർക്കിൽ നിന്നുള്ള ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തുകയും കരാർ ഒപ്പിടുകയും ചെയ്യുന്ന നിരവധി ചിത്രങ്ങൾ നിത്യാനന്ദ തന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിൽ പോസ്റ്റ് ചെയ്തിരുന്നു. ഈ വർഷം ജനുവരി 12ന് നെവാർക്കിലെ സിറ്റി ഹാളിൽ ‘കൈലാസ’യും നെവാർക്കും തമ്മിലുള്ള സഹോദരി-നഗര കരാർ ഒപ്പിടൽ ചടങ്ങ് നടന്നിരുന്നു.
കൈലാസയെക്കുറിച്ച് അറിഞ്ഞയുടൻ നടപടി സ്വീകരിച്ചതായും ജനുവരി 18ന് കരാർ റദ്ദാക്കിയതായും നെവാർക്ക് സിറ്റി ഡിപ്പാർട്ട്മെന്റ് ഓഫ് കമ്മ്യൂണിക്കേഷൻസ് പ്രസ് സെക്രട്ടറി സൂസൻ ഗാരോഫാലോ പറഞ്ഞു. വഞ്ചനയുടെ അടിസ്ഥാനത്തിൽ നടന്ന ചടങ്ങ് അടിസ്ഥാനരഹിതവും നിരർത്ഥകവുമായിരുന്നു. ഇത് ഖേദകരമാണ്. പരസ്പരബന്ധം, പിന്തുണ, പരസ്പര ബഹുമാനം എന്നിവയിലൂടെ വൈവിധ്യമാർന്ന സംസ്കാരങ്ങളിൽ നിന്നുള്ള ആളുകളുമായി സഹകരിക്കാൻ നെവാർക്ക് നഗരം പ്രതിജ്ഞാബദ്ധരാണെന്നും അവർ പറഞ്ഞു.