നാളികേരത്തിന്റെ താങ്ങുവില ഉയർത്തി; കുട്ടനാടിന് 17 കോടി കൈത്താങ്ങ്
കൃഷിക്ക് സവിശേഷമായി പരിഗണനയാണ് സര്‍ക്കാര്‍ നല്‍കുന്നതെന്ന ആമുഖത്തോടെയാണ് കാര്‍ഷിക രംഗത്തെ ബജറ്റ് പ്രഖ്യാപനം ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍ ആരംഭിച്ചത്.കാര്‍ഷിക മേഖലയ്ക്കാകെ 971.71 കോടി രൂപയാണ് സംസ്ഥാനം വകയിരുത്തിയിരിക്കുന്നത്. ഇതില്‍ 156.30 കോടി രൂപ കേന്ദ്ര സഹായമായി പ്രതീക്ഷിക്കുന്നുണ്ടെന്നും ധനമന്ത്രി പറഞ്ഞു.
നെല്‍കൃഷി വികസനത്തിന് നീക്കി വയ്ക്കുന്ന തുക 95.10 കോടിയായി ഉയര്‍ത്തി. ആധുനിക സാങ്കേതിക വിദ്യയിലൂന്നിയ കൃഷി രീതികള്‍ക്കൊപ്പം ജൈവ കൃഷിയും പ്രോത്സാഹിപ്പിക്കും. ഇതിനായി ആറ് കോടി രൂപ അനുവദിക്കുന്നു. സമഗ്രമായ പച്ചക്കറി കൃഷി വികസന പദ്ധതിക്കായി 93.45 കോടി രൂപ വകയിരുത്തി.
നാളികേര വികസന പദ്ധതിക്കായി 68.95 കോടി രൂപ വകയിരുത്തി. നാളികേരത്തിന്റെ താങ്ങുവില 32 രൂപയില്‍ നിന്ന് 34 രൂപയായി ഉയര്‍ത്തി. റബര്‍ കര്‍ഷകരെ സഹായിക്കാന്‍ റബര്‍ കര്‍ഷകര്‍ക്കുള്ള സബ്സിഡി വിഹിതം 600 കോടിയാക്കി വര്‍ധിപ്പിച്ചു.
സ്മാര്‍ട്ട് കൃഷി ഭവന് 10 കോടി രൂപയും വിള ഇന്‍ഷുറന്‍സ് 31 കോടി രൂപയും കുട്ടനാട് കാര്‍ഷിക മേഖലയ്ക്ക് 17 കോടി കാര്‍ഷിക സഹായത്തിനും 12 കോടി സാങ്കേതിക സഹായത്തിനും മാറ്റിവച്ചു.
ക്ഷീര വികസനത്തിന് 114.76 കോടി രൂപ നീക്കിവച്ചു. മൃഗ സംരക്ഷണം ആകെ 435.4 കോടി രൂപയാണ് വകയിരുത്തിയത്. ക്ഷീര ഗ്രാമം പദ്ധതി വ്യാപിപ്പിക്കും. ഇതിനായി 2.4 കോടി രൂപ വകയിരുത്തി. പുതിയ കാലിത്തീറ്റ ഫാമിനു 11 കോടി രൂപയും നീക്കി വച്ചു