യൂത്ത് കോൺഗ്രസിൽ അച്ചടക്ക നടപടി തുടരുന്നു; രണ്ട് പേർക്ക് സസ്പെൻഷൻ
തിരുവനന്തപുരം: അച്ചടക്ക നടപടി തുടർന്ന് യൂത്ത് കോൺഗ്രസ്. സംസ്ഥാന കമ്മിറ്റി അംഗം ഷൈൻ ലാൽ, തിരുവനന്തപുരം ജില്ലാ ജനറൽ സെക്രട്ടറി ഷാലിമാർ എന്നിവരെ സസ്പെൻഡ് ചെയ്തു. ജില്ലാ കമ്മിറ്റി യോഗത്തിൽ ദേശീയ സെക്രട്ടറിയോട് അപമര്യാദയായി പെരുമാറിയെന്നാരോപിച്ചാണ് നടപടി.
പാലക്കാട് നടന്ന ചിന്തൻ ശിബിരവുമായി ബന്ധപ്പെട്ട് സംസ്ഥാന ഭാരവാഹികൾക്കെതിരെ സ്വീകരിച്ച അച്ചടക്ക നടപടി പിൻവലിക്കണമെന്നായിരുന്നു യോഗത്തിലെ ആവശ്യം. ഇത് പിന്നീട് തർക്കത്തിൽ കലാശിച്ചു. മുൻ സംസ്ഥാന വൈസ് പ്രസിഡന്റ് എൻ.എസ് നുസൂറിന്റെ അനുയായികൾക്കെതിരെയായിരുന്നു നടപടി എടുത്തത്. സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പിൽ സംഘടനാ മര്യാദ ലംഘിച്ച് നടപടിയെടുക്കുന്നുവെന്നാണ് ഇവരുടെ പരാതി.
ചിന്തൻ ശിബിരിലെ മോശം പെരുമാറ്റത്തെ തുടർന്ന് വനിതാ നേതാവ് നല്കിയ പരാതിയിൽ ഒരു യൂത്ത് കോൺഗ്രസ് നേതാവിനെ കഴിഞ്ഞ ദിവസം സസ്പെൻഡ് ചെയ്തിരുന്നു. വിവേക് നായർ എന്ന ശംഭു പാൽക്കുളങ്ങരയെയാണ് കെ.പി.സി.സി ഒരു വർഷത്തേക്ക് സസ്പെൻഡ് ചെയ്തത്. പരാതി വിവാദമായതോടെ ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നും ചില യൂത്ത് കോൺഗ്രസ് നേതാക്കൾ തന്നെ കുടുക്കാൻ ശ്രമിച്ചുവെന്നും വിവേക് പറഞ്ഞിരുന്നു.