മുസ്ലീംലീഗ് അംഗത്വ പട്ടികയില്‍ ഷാരൂഖ്, മമ്മൂട്ടി, ആസിഫ്, മിയ ഖലീഫ എന്നിവരുടെ പേരുകൾ
തിരുവനന്തപുരം: ഷാരൂഖ് ഖാൻ, മമ്മൂട്ടി, ആസിഫ് അലി, മിയ ഖലീഫ എന്നിവർ തിരുവനന്തപുരത്തെ നേമത്ത് മുസ്ലിം ലീഗ് അംഗങ്ങളുടെ പട്ടികയിൽ. നേമം നിയോജക മണ്ഡലത്തിലെ കളിപ്പാന്‍കുളം വാർഡിലാണ് മുസ്ലിം ലീഗ് അംഗത്വ പട്ടികയിൽ പിശകുണ്ടായത്. ഡിസംബർ 31നാണ് മുസ്ലിം ലീഗ് അംഗത്വ വിതരണം അവസാനിച്ചത്.
വീടുകൾ സന്ദർശിച്ച് പാർട്ടി അംഗത്വം വിതരണം ചെയ്യാനാണ് ലീഗ് നേതൃത്വം നിർദേശം നൽകിയിരിക്കുന്നത്. ഇത്തരത്തില്‍ അംഗത്വം എടുക്കുന്നവരുടെ പേര്, ആധാർ നമ്പറുകൾ, തിരിച്ചറിയൽ കാർഡ് നമ്പറുകൾ, ഫോൺ നമ്പറുകൾ എന്നിവ നിർദ്ദിഷ്ട ഓൺലൈൻ പോർട്ടലിൽ അപ്ലോഡ് ചെയ്യാനും നിർദ്ദേശം നൽകിയിട്ടുണ്ട്. ഇതിനായി ഓരോ വാർഡിനും സൈറ്റ് വിലാസവും പാസ് വേഡും നൽകി. അംഗത്വ വിതരണത്തിനുശേഷം കോഴിക്കോട്ടെ ഐ.ടി കോ-ഓർഡിനേറ്റർമാരാണ് പരിശോധിച്ചത്.
ഓൺലൈനിൽ അപ്ലോഡ് ചെയ്ത വിവരങ്ങൾ പരിശോധിച്ചപ്പോഴാണ് ഷാരൂഖ് ഖാൻ, മമ്മൂട്ടി, ആസിഫ് അലി, മിയ ഖലീഫ എന്നിവർ ലീഗിൽ ചേർന്നതായി കണ്ടെത്തിയത്. പാർട്ടി അംഗങ്ങളാണ് അംഗത്വം വിതരണം ചെയ്തതെന്ന് ലീഗ് പറയുന്നു. എന്നിരുന്നാലും, കാര്യമായ സംഘടനാ ശേഷിയില്ലാത്ത പ്രദേശങ്ങളിൽ, കമ്പ്യൂട്ടർ സെന്‍ററുകളിലേക്ക് ഓൺലൈൻ അപ്ലോഡിംഗ് പോലുള്ള കാര്യങ്ങൾക്കായി ചുമതലപ്പെടുത്തിയ കമ്മിറ്റികളുണ്ട്. അങ്ങനെ സംഭവിച്ചതായിരിക്കും ഈ പിഴവ് എന്നാണ് ലീഗ് നേതൃത്വം പറയുന്നത്.