മാന്‍ഡസ് പ്രഭാവത്തില്‍ കേരളത്തില്‍ ഇന്നും മഴ ശക്തമായി തുടരും
തിരുവനന്തപുരം: മാന്‍ഡസ് പ്രഭാവത്തില്‍ കേരളത്തില്‍ ഇന്നും മഴ ശക്തമായി തുടരും. ഇന്നും നാളെയും കൂടി കേരളത്തില്‍ മഴ തുടരുമെന്നാണ് കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുള്ളത്.തമിഴ്നാട്ടില്‍ കര തൊട്ട മാന്‍ഡസ് ചുഴലിക്കാറ്റ് ദുര്‍ബലമായി ചക്രവാത ചുഴിയായി മാറിയതാണ് ഇതിന് കാരണം.ഇന്ന് സംസ്ഥാനത്തെ 7 ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളിലാണ് ഇന്ന് ശക്തമായ മഴ മുന്നറിയിപ്പുള്ളത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യമാണ് ഈ ജില്ലകളിലുള്ളത്. പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, ഇടുക്കി എന്നീ ജില്ലകളില്‍ നാളെയും മഴ മുന്നറിയിപ്പുണ്ട്.ഇതിനൊപ്പം കേരള – കര്‍ണാടക – ലക്ഷദ്വീപ് തീരങ്ങളില്‍ ഡിസംബര്‍ 13 വരെ മത്സ്യബന്ധനത്തിന് പോകാന്‍ പാടില്ല എന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്.മണിക്കൂറില്‍ 40 മുതല്‍ 45 കിലോമീറ്റര്‍ വരെ വേഗതയിലും ചില അവസരങ്ങളില്‍ മണിക്കൂറില്‍ 55 കിലോമീറ്റര്‍ വരെ വേഗതയിലും ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്.