പ്രധാന വാര്‍ത്തകള്‍
കോടിയേരിയെ അധിക്ഷേപിച്ച് പോസ്റ്റിട്ട പൊലീസുകാരന് സസ്പെൻഷൻ

തിരുവനന്തപുരം: അന്തരിച്ച സി.പി.എം നേതാവ് കോടിയേരി ബാലകൃഷ്ണനെ അവഹേളിക്കുന്ന തരത്തിൽ വാട്സ് ആപ്പിൽ പോസ്റ്റിട്ട പൊലീസുകാരന് സസ്പെൻഷൻ. കോൺഗ്രസ് നേതാവ് മുല്ലപ്പള്ളി രാമചന്ദ്രന്‍റെ മുൻ ഗൺമാനും മെഡിക്കൽ കോളേജ് പൊലീസ് സ്റ്റേഷനിലെ പൊലീസുകാരനുമായ ഉറൂബിനെയാണ് സസ്പെൻഡ് ചെയ്തത്. സിറ്റി പൊലീസ് കമ്മീഷണർ സ്പർജൻ കുമാറിന്‍റേതാണ് നടപടി.
വാട്സ് ആപ്പ് ഗ്രൂപ്പിൽ കോടിയേരി ബാലകൃഷ്ണനെ കൊലയാളിയെന്ന് വിളിച്ചാണ് ഉറൂബ് അധിക്ഷേപകരമായ പോസ്റ്റിട്ടത്. ഉറൂബ് അംഗമായ പോത്തൻകോടുള്ള ഒരു സ്കൂളിലെ പി.ടി.എ ഗ്രൂപ്പിലാണ് കോടിയേരിക്കെതിരെ പോസ്റ്റിട്ടത്.
നടപടി ആവശ്യപ്പെട്ട് സി.പി.എം ആനക്കോട് ബ്രാഞ്ച് സെക്രട്ടറി ഉറൂബിനെതിരെ ഡി.ജി.പിക്ക് പരാതി നൽകിയിരുന്നു. നടപടി ആവശ്യപ്പെട്ട് സി.പി.എം പൊലീസ് സ്റ്റേഷൻ ഉപരോധിക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് നടപടി.
















































































































