വനിത യൂട്യൂബറോട് അസഭ്യം പറഞ്ഞ കേസില്‍ നടന്‍ ശ്രീനാഥ് ഭാസിയെ പൊലീസ് അറസ്‌റ്റ് ചെയ‌്തു
കൊച്ചി: വനിത യൂട്യൂബറോട് അസഭ്യം പറഞ്ഞ കേസില്‍ നടന്‍ ശ്രീനാഥ് ഭാസിയെ പൊലീസ് അറസ്‌റ്റ് ചെയ‌്തു. കൊച്ചി മരട് പൊലീസാണ് അറസ്‌റ്റ് രേഖപ്പെടുത്തിയത്.
സ്ത്രീത്വത്തെ അപമാനിച്ചുവെന്നാണ് നടനെതിരെയുള്ള കേസ്. ഒരു ഓണ്‍ലൈന്‍ ചാനല്‍ അവതാരകയാണ് ശ്രീനാഥ് ഭാസിക്കെതിരെ പരാതി നല്‍കിയത്. അഭിമുഖത്തിനിടെ അപമര്യാദയായി പെരുമാറിയെന്നാണ് പരാതി.
ചട്ടമ്ബി എന്ന സിനിമയുടെ പ്രചാരണത്തിന്റെ ഭാഗമായുള്ള അഭിമുഖത്തിനിടെയായിരുന്നു സംഭവം. പൊലീസിന് പുറമേ വനിതാ കമ്മീഷനിലും അവതാരക പരാതി നല്‍കിയിട്ടുണ്ട്. കൊച്ചിയിലെ ഹോട്ടലില്‍ നടന്ന അഭിമുഖത്തിന്റെ ദൃശ്യങ്ങളും പൊലീസ് ശേഖരിച്ചിട്ടുണ്ട്. ഹോട്ടലിലെ സി സി ടി വി ദൃശ്യങ്ങള്‍ കേസില്‍ നിര്‍ണായകമായേക്കും.
അതേസമയം സംഭവത്തില്‍ വിശദീകരണം തേടാന്‍ നിര്‍മാതാക്കളുടെ സംഘടന നടനെ വിളിച്ചുവരുത്തിയേക്കും. മാദ്ധ്യമപ്രവര്‍ത്തകയുടെ പരാതി പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ പരിഗണിക്കുന്നുണ്ട്.
എന്നാല്‍ താന്‍ അവതാരകയെ അപമാനിച്ച് സംസാരിച്ചിട്ടില്ലെന്നും അസഭ്യം പറഞ്ഞിട്ടില്ലെന്നുമാണ് ശ്രീനാഥ് ഭാസിയുടെ പ്രതികരണം. തന്റെ ഭാഗത്തു നിന്ന് തെറ്റൊന്നും സംഭവിച്ചിട്ടില്ല. തന്നെ അപമാനിച്ചതിന്റെ പേരില്‍ ഒരു സാധാരണ മനുഷ്യന്‍ എന്ന നിലയില്‍ പ്രതികരിച്ചു എന്നേ ഉള്ളൂ. ആരെയും തെറി വിളിച്ചിട്ടില്ല. മോശമായി സംസാരിച്ചിട്ടില്ലെന്നും ശ്രീനാഥ് ഭാസി പറയുന്നു.
മറ്റൊരു റേഡിയോ അഭിമുഖത്തില്‍ ശ്രീനാഥ് ഭാസി അവതാരകനോട് മോശമായി പെരുമാറുന്ന ദൃശ്യങ്ങളും പുറത്തു വന്നിരുന്നു.