ഇടുക്കി കുടയത്തൂര്‍ സംഗമം ഭാഗത്തെ ഉരുള്‍പൊട്ടലില്‍ മരണം മൂന്നായി
ഇടുക്കി കുടയത്തൂര്‍ സംഗമം ഭാഗത്തെ ഉരുള്‍പൊട്ടലില്‍ മരണം മൂന്നായി. ചിറ്റടിച്ചാല്‍ സോമന്റെ മകള്‍ ഷിമയുടെ മൃതദേഹമാണ് കണ്ടെത്തിയത്.
കുടുംബത്തിലെ ബാക്കിയുള്ള രണ്ട് പേരെയും കൂടി ഇനി കണ്ടെത്താനുണ്ട്.
ഗൃഹനാഥന് സോമന്, ഭാര്യ ജയ എന്നിവരെയാണ് ഇനി കണ്ടെത്താനുള്ളത്.നേരത്തെ സോമന്റെ മാതാവ് തങ്കമ്മയുടെയും കൊച്ചുമകന് ദേവാനന്ദിന്റെയും മൃതദേഹം രാവിലെ നടത്തിയ തെരച്ചിലില്‍ കണ്ടെത്തിയിരുന്നു.വീടിരുന്ന സ്ഥലത്തിന് താഴെ നിന്നാണ് മൃതദേഹങ്ങള്‍ ലഭിച്ചത്.
മണ്ണുമാന്തി യന്ത്രം അടക്കമുള്ള സംവിധാനങ്ങളെത്തിച്ച് രക്ഷാപ്രവര്‍ത്തനം ഊര്‍ജിതമായി നടക്കുകയാണ്. വീണ്ടും ഉരുള്‍പൊട്ടാനുള്ള സംശയം മുന്നറിയിപ്പ് നല്കിയതിനാല് ജാഗ്രത പുലര്‍ത്തണമെന്ന് അധികൃതര്‍ അറിയിച്ചു.ഇന്ന് പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് ഉരുള്‍പൊട്ടലുണ്ടായത്.വീട് പൂര്‍ണമായും മണ്ണിനടിയില്‍ പെട്ട അവസ്ഥയിലാണ്. മണ്ണും പാറയും വലിയ രീതിയില്‍ പതിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ രക്ഷാപ്രവര്‍ത്തനം വളരെ ശ്രമകരമാണ്.
ഇന്നലെ രാത്രിയോടെ പ്രദേശത്ത് ശക്തമായ മഴയാണുണ്ടായത്. ഈ മഴയ്ക്ക് ഒടുവിലാണ് ഉരുള്‍പൊട്ടിയത്. വലിയ ശബ്ദം കേട്ട് നാട്ടുകാര്‍ ഓടി എത്തുമ്ബോഴേക്കും വീട് പൂര്‍ണമായും ഒലിച്ചു പോയിരുന്നു. റവന്യു വകുപ്പും പൊലീസും ഫയര്‍ഫോഴ്സ് സംഘവും സ്ഥലത്തുണ്ട്. ജെ സി ബി ഉപയോഗിച്ച് മണ്ണ് നീക്കിയാണ് ആളുകളെ കണ്ടെടുക്കുന്നത്. തെരച്ചിലിനായി എന്‍ഡിആര്‍എഫ് സംഘവുമെത്തും. തൃശൂരില്‍ നിന്നുള്ള സംഘം ഇതിനോടകം തൊടുപുഴയിലേക്ക് പുറപ്പെട്ടിട്ടുണ്ട്. പ്രദേശത്ത് നിലവില്‍ മഴ മാറി നില്ക്കുന്നതിനാല് രക്ഷാപ്രവര്‍ത്തനങ്ങള്‍ സുഗമമാണ്.
പുളിയന്മല സംസ്ഥാന പാതയില്‍ നാടുകാണിക്ക് സമീപം മണ്ണിടിഞ്ഞു വീണ് ഗതാഗതം തടസ്സപ്പെട്ടു. ഉരുള്‍പ്പൊട്ടല്‍ സാഹചര്യം നിലനില്‍ക്കുന്നതിനാല്‍ തൊടുപുഴ പുളിയന്മല റോഡിലൂടെയുള്ള രാത്രി യാത്ര നിരോധിക്കുമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. മലയോരമേഖലയിലുള്ള യാത്രയാത്ര നിരോധിക്കണോ എന്ന കാര്യത്തില്‍ വൈകിട്ട് തീരുമാനമെടുക്കുമെന്നും അദ്ദേഹം അറിയിച്ചു.