കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍ നിന്ന് കൊലക്കേസ് പ്രതി രക്ഷപ്പെട്ട സംഭവത്തില്‍ മനുഷ്യാവകാശ കമ്മീഷന് റിപ്പോര്‍ട്ട് തേടി
കോഴിക്കോട്: കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍ നിന്ന് കൊലക്കേസ് പ്രതി രക്ഷപ്പെട്ട സംഭവത്തില്‍ മനുഷ്യാവകാശ കമ്മീഷന് റിപ്പോര്‍ട്ട് തേടി.
മാനസികാരോഗ്യ കേന്ദ്രം സൂപ്രണ്ടിനോടും ചീഫ് സെക്രട്ടറിയോടുമാണ് കമ്മീഷന് റിപ്പോര്‍ട്ട് തേടിയത്. 15 ദിവസത്തിനുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ എന്നാണ് നിര്‍ദേശം.
പെരിന്തല്‍മണ്ണ ദൃശ്യ കൊലക്കേസ് പ്രതി വിനീഷാണ് മാനസികാരോഗ്യ കേന്ദ്രത്തില്‍ നിന്ന് രക്ഷപ്പെട്ടത്. ഇയാളെ ഇന്നലെ രാത്രി തന്നെ കണ്ടെത്തിയിരുന്നു. കര്‍ണാടകത്തിലെ ധര്‍മസ്ഥലയില്‍ നിന്നാണ് വിനീഷിനെ കണ്ടെത്തിയത്. വാഹനം മോഷ്ടിക്കാന്‍ ശ്രമിക്കുന്നതിനിടെ നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു. സിസിടി വി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയില്‍ 12.30 ന് വിനീഷ് മംഗലാപുരത്തേക്ക് ട്രെയിന്‍ കയറിയതായി കണ്ടെത്തി. മംഗലാപുരത്ത് എത്തിയ പ്രതി അവിടെ നിന്ന് ബൈക്ക് മോഷ്ടിച്ച് കടന്ന് കളയുന്നതിനിടെ ധര്‍മസ്ഥലയില്‍ വച്ച് വണ്ടിയിലെ ഇന്ധനം തീര്‍ന്നു. ഇവിടെ നിന്ന് മറ്റൊരു വാഹനം മോഷ്ടിക്കുന്നതിനിടെയാണ് വിനീഷ് പിടിയിലായത്. ധര്‍മസ്ഥല പൊലീസ് സ്റ്റേഷനിലുള്ള പ്രതിയെ കസ്റ്റഡിയിലെടുക്കാന്‍ അന്വേഷണ സംഘം അങ്ങോട്ട് തിരിച്ചു.