റിലയൻസ് ജിയോ തലപ്പത്ത് ആകാശ് അംബാനി: മുകേഷ് അംബാനി രാജിവെച്ചു
റിലയന്‍സ് ജിയോയില്‍ തലമുറമാറ്റം. മുകേഷ് അംബാനി റിലയന്‍സ് ജിയോയുടെ ചെയര്മാന് സ്ഥാനം രാജി വെച്ചതായി കമ്പനി അറിയിച്ചു. മുകേഷ് അംബാനിയുടെ മകൻ ആകാശ് അംബാനിയാണ് പുതിയ ചെയർമാൻ. 2014 മുതൽ കമ്പനിയിലെ നോണ്‍ എക്സിക്യൂട്ടീവ് ഡയറക്ടറായി പ്രവർത്തിച്ചു വരികയായിരുന്നു ആകാശ് അംബാനി.കമ്പനിയുടെ അഡീഷണൽ ഡയറക്ടർമാരായി രമീന്ദർ സിംഗ് ഗുജ്റാളിനെയും കെ.വി ചൗധരിയെയും നിയമിച്ചതായും കമ്പനി അറിയിച്ചു. അഞ്ച് വർഷത്തേക്കായിരിക്കും ഇവരുടെ നിയമനം. ജിയോയുടെ മാനേജിംഗ് ഡയറക്ടറായി പങ്കജ് മോഹൻ പവാറിനെ നിയമിക്കാനും ധാരണയായി.
ഇക്കാര്യത്തിൽ ഓഹരിയുടമകളുടെ അംഗീകാരം കൂടി ലഭിക്കേണ്ടതുണ്ട്. 2022 ജൂണ്‍ 27 തിങ്കളാഴ്ച നടന്ന ജിയോയുടെ ഡയറക്ടര്‍ ബോര്‍ഡ് യോഗത്തിലാണ് പുതിയ നിയമനങ്ങൾ സംബന്ധിച്ച തീരുമാനങ്ങൾക്ക് അംഗീകാരം നൽകിയത്.റിലയൻസ് ജിയോ ഇൻഫോകോം ഉൾപ്പെടെ എല്ലാ ജിയോ ഡിജിറ്റൽ സേവനങ്ങൾക്കും മേൽനോട്ടം വഹിക്കുന്ന ജിയോ പ്ലാറ്റ്ഫോംസ് ലിമിറ്റഡിന്റെ ചെയർമാനായി മുകേഷ് അംബാനി തുടരും.