കേരളത്തിൽ ജൂലൈ രണ്ട് വരെ ഇടിമിന്നലോടു കൂടിയ മഴ ഉണ്ടാകും
തിരുവനന്തപുരം : ജൂലൈ രണ്ട് വരെ കേരളത്തിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഇടിമിന്നലിന്റെ ലക്ഷണങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ തുറസ്സായ സ്ഥലങ്ങളിൽ നിൽക്കുന്നത് ഒഴിവാക്കുക. ഇലക്ട്രിക്കൽ ഉപകരണങ്ങളുടെ സാമീപ്യം കഴിയുന്നത്ര ഒഴിവാക്കണം. ജനലുകളും വാതിലുകളും അടച്ചിടണം. ഗൃഹോപകരണങ്ങളുടെ വൈദ്യുതി ബന്ധം വിച്ഛേദിക്കണം.
ഇടിമിന്നലുള്ള സമയത്ത് മരക്കൊമ്പിലോ ടെറസിലോ ഉയർന്ന സ്ഥലങ്ങളിലോ ഇരിക്കുന്നത് അപകടകരമാണ്. അന്തരീക്ഷം മേഘാവൃതമാണെങ്കിൽ, കുട്ടികളെ തുറസ്സായ സ്ഥലത്തും ടെറസിലും കളിക്കാൻ അനുവദിക്കരുത്.
ബൈക്കുകൾ, ട്രാക്ടറുകൾ, സൈക്കിളുകൾ തുടങ്ങിയ വാഹനങ്ങളിൽ യാത്ര ചെയ്യുന്നത് ഒഴിവാക്കണം. ഇടിമിന്നലേറ്റ വ്യക്തിക്ക് ഉടനടി വൈദ്യസഹായം നൽകണം. ഇടിമിന്നലേറ്റ ഒരു വ്യക്തിയുടെ ശരീരത്തിൽ വൈദ്യുത പ്രവാഹം ഉണ്ടാകില്ല. മത്സ്യബന്ധനത്തിനും കുളിക്കാനുമായി വെള്ളത്തിൽ ഇറങ്ങരുത്. ഇടിമിന്നലുള്ള സമയത്ത് വാഹനത്തിനുള്ളിൽ സുരക്ഷിതരായിരിക്കുന്നതിനാൽ വാഹനമോടിക്കുന്നവർ വാഹനത്തിനുള്ളിൽ തന്നെ തുടരണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പുറപ്പെടുവിച്ച മുന്നറിയിപ്പിൽ പറയുന്നു.