സ്വര്‍ണക്കടത്തുകേസില്‍ കോടതിയില്‍ നല്കിയ രഹസ്യമൊഴിയുടെ അടിസ്ഥാനത്തില്‍ ചോദ്യം ചെയ്യലിനായി സ്വപ്ന സുരേഷ് കൊച്ചി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റില്‍ ഹാജരായി
കൊച്ചി: സ്വര്‍ണക്കടത്തുകേസില്‍ കോടതിയില്‍ നല്കിയ രഹസ്യമൊഴിയുടെ അടിസ്ഥാനത്തില്‍ ചോദ്യം ചെയ്യലിനായി സ്വപ്ന സുരേഷ് കൊച്ചി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റില്‍ ഹാജരായി.
മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരെയുള്ള രഹസ്യ മൊഴിയുടെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യലിന് വിളിപ്പിച്ചത്. മുഖ്യമന്ത്രി, ഭാര്യ, മകള്‍, കെടി ജലീല്‍ എന്നിവര്‍ക്കെതിരെ ഉന്നയിച്ച ഗുരുതര ആരോപണങ്ങള്‍ സ്വപ്ന ഇ.ഡിക്കു മുന്നില്‍ ആവര്‍ത്തിച്ചേക്കും. ചോദ്യം ചെയ്യലിന് ശേഷമാകും പ്രമുഖരുടെ മൊഴിയെടുക്കുന്ന കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കുക.
രാവിലെ 11 ന് ഹാജരാകണമെന്ന് ആവശ്യപ്പെട്ടാണ് എന്‍ഫോഴ്സ്മെന്റ് നോട്ടീസ് നല്‍കിയിരുന്നത്. സ്വപ്നയുടെ രഹസ്യമൊഴി ഇ.ഡി നേരത്തെ പരിശോധിച്ചിരുന്നു. തുടര്‍ന്ന് മൊഴിയിലെ കാര്യങ്ങള്‍ സംബന്ധിച്ച് കൈവശമുള്ള തെളിവുകളും ഹാജരാക്കാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഇ.ഡി സുരക്ഷ ഒരുക്കണമെന്ന് ആവശ്യപ്പെട്ട് സ്വപ്ന നല്കിയ ഹരജി കോടതി ഇന്ന് പരിഗണിക്കും.