ഹർത്താൽ; വയനാട്ടിലും, ഇടുക്കിയിലും മലപ്പുറം ജില്ലയിലെ മലയോര മേഖലകളിലും ഹർത്താൽ
വയനാട് : സുപ്രീം കോടതി ബഫർ സോൺ ഉത്തരവിൽ പ്രതിഷേധിച്ച് വയനാട്, ഇടുക്കി ജില്ലകളിലും മലപ്പുറം ജില്ലയിലെ മലയോര വനാതിർത്തികളിലും ഇന്ന് യുഡിഎഫ് ഹർത്താൽ. രാവിലെ 6 മുതൽ വൈകിട്ട് 6 വരെയാണ് ഹർത്താൽ. അവശ്യ സർവീസുകളെ ഹർത്താലിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
ജനവാസ മേഖലകളെ ബഫർ സോൺ പരിധിയിൽ നിന്ന് പൂർണ്ണമായും ഒഴിവാക്കണമെന്നാണ് ആവശ്യം. കൽപ്പറ്റ, മാനന്തവാടി, ബത്തേരി നഗരങ്ങളിൽ യുഡിഎഫ് പ്രവർത്തകർ രാവിലെ പ്രതിഷേധ പ്രകടനം നടത്തും. കഴിഞ്ഞ ദിവസം വയനാട്ടിലും,ഇടുക്കിയിലും എൽ.ഡി.എഫ് ഹർത്താൽ നടത്തിയിരുന്നു.
മലപ്പുറം ജില്ലയിലെ മലയോര വനാതിർത്തിയിൽ ഇന്ന് യു.ഡി.എഫ് ഹർത്താൽ ആചരിക്കുകയാണ്. 11 പഞ്ചായത്തുകളിലും നിലമ്പൂർ മുനിസിപ്പാലിറ്റിയിലും വൈകിട്ട് ആറ് മണി വരെ ഹർത്താൽ തുടരും. കരുവാരക്കുണ്ട്, കാളികാവ്, ചോക്കാട്, അമരമ്പലം, കരുളായി, മൂത്തേടം, വഴിക്കടവ്, എടക്കര, ചുങ്കത്തറ, പോത്തുകൽ, ചാലിയാർ പഞ്ചായത്തുകളിലാണ് ഹർത്താൽ. പത്രവിതരണം, പാൽ വിതരണം, വിവാഹങ്ങൾ, മറ്റ് അവശ്യ സേവനങ്ങൾ എന്നിവയെ ഒഴിവാക്കും.