ഏറെ വർഷത്തെ കാത്തിരിപ്പ്; തൊടുപുഴ കെഎസ്ആർടിസി ബസ് ടെർമിനൽ തുറക്കുന്നു…
ഏറെ വർഷത്തെ കാത്തിരിപ്പിനൊടുവിൽ തൊടുപുഴ കെഎസ്ആർടിസി ബസ് ടെർമിനൽ കം ഷോപ്പിങ് കോംപ്ലക്സിന്റെ ഉദ്ഘാടനം ഇന്നു നടക്കും. വൈകിട്ട് നാലിന് ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു ഉദ്ഘാടനം നിർവഹിക്കും. പി.ജെ ജോസഫ് എംഎൽഎ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ ഡീൻ കുര്യാക്കോസ് എംപി മുഖ്യാതിഥിയായിരിക്കും. നഗരസഭ ചെയർമാൻ സനീഷ് ജോർജ്, കെഎസ്ആർടിസി മാനേജിങ് ഡയറക്ടർ ബിജു പ്രഭാകർ,വാർഡ് കൗൺസിലർ ജോസഫ് ജോൺ, കെഎസ്ആർടിസി എക്സി.
ഡയറക്ടർ ജി.പി.പ്രദീപ്, എക്സി.ഡയറക്ടർ ഇൻ ചാർജ് എസ്.രമേശ്, ജില്ലാ ട്രാൻസ്പോർട്ട് ഓഫിസർ എ അജിത്, വിവിധ യൂണിയൻ നേതാക്കളായ കെ.ഐ.സലിം,സിജി ജോസഫ്, എസ് അരവിന്ദ് എന്നിവർ പങ്കെടുക്കും. ഭരണ കക്ഷിയിലെ ചില നേതാക്കൾ 3 വർഷത്തിനിടെ പല തവണ ഉദ്ഘാടന തീയതി പ്രഖ്യാപിക്കുകയും പിന്നീട് മാറ്റി വയ്ക്കുകയും ചെയ്ത ഡിപ്പോ ഉദ്ഘാടനം സംബന്ധിച്ച് ഇപ്പോഴും പൊതുജനങ്ങൾക്ക് സന്ദേഹമുണ്ട്. എങ്കിലും ഇത്തവണ ഉദ്ഘാടനം നടത്തുമെന്നാണ് അധികൃതർ പറയുന്നത്. അതേ സമയം എൽഡിഎഫ് യൂണിയൻ ഉദ്ഘാടന ചടങ്ങിൽ നിന്ന് വിട്ടു നിൽക്കുമെന്ന് അറിയിച്ചിട്ടുണ്ട്.