ഏലക്കാ വ്യാപാരികൾ തമ്മിൽ നടുറോഡിൽ ഏറ്റുമുട്ടി; നാല് പേർക്ക് പരിക്ക്
ഏലക്കാ വ്യാപാരികൾ തമ്മിൽ നടുറോഡിൽ ഏറ്റുമുട്ടി; നാല് പേർക്ക് പരിക്ക്
കട്ടപ്പന :ഏലക്ക കച്ചവടത്തിലെ പണമിടപാടിനെ ചൊല്ലി വ്യാപാരികളുടെ സംഘങ്ങൾ തമ്മിൽതല്ലി.ചൊവ്വാഴ്ച്ച രാവിലെ വെളളയാംകുടിയിൽ നടുറോഡിലായിരുന്നു സംഘർഷം.നാല് പേർക്ക് പരിക്കേറ്റു. സംഘർഷത്തിലുണ്ടായിരുന്ന ഒരു വ്യാപാരിയുടെ കാർ തല്ലി തകർക്കുകയും ചെയ്തു. വെള്ളയാംകുടി സ്വദേശിയായ ഏലയ്ക്കാ വ്യാപാരിയും വണ്ടൻമേട് മാലിയിൽ താമസിക്കുന്ന തമിഴ്നാട് സ്വദേശിയും തമ്മിൽ നടന്ന സാമ്പത്തിക ഇടപാടാണ് കൂട്ടത്തല്ലിലേയ്ക്ക് എത്തിച്ചത്. ഇരുവരും തമ്മിൽ 27 ലക്ഷം രൂപയുടെ ഇടപാടുകൾ നടന്നതായിട്ടാണ് വിവരം, ഈ പണം ലഭിക്കാതെ വന്നതോടെ ഇരു വിഭാഗങ്ങളും സംഘമായെത്തി ഏറ്റുമുട്ടുകയായിരുന്നു. നാൽപ്പതോളം പേർ ഇരു സംഘം ങ്ങളിലുമുണ്ടായിരുന്നതായി ദൃക്സാക്ഷികൾ പറഞ്ഞു. നാട്ടുകാർ വിവരമറിയിച്ചതനുസരിച്ച് പൊലീസ് എത്തിയാണ് പരിക്കേറ്റവരെ ആശുപത്രിയിലാക്കിയത്.സംഭവവുമായി ബന്ധപെട്ട് ഇതുവരെ പരാതി ഒന്നും ലഭിക്കാത്തതിനാൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടില്ല. ഏറ്റുമുട്ടിയവരിൽ ഒരു സംഘം ഇന്നലെ മുതൽ വെള്ളയാംകുടിയിൽ തമ്പടിച്ചിരുന്നതായും വിവരമുണ്ട്.