കുടുംബ ബന്ധങ്ങളുടെ കെട്ടുറപ്പാണ് സമൂഹത്തിന്റെ കരുത്ത്: മാർ ജോൺ നെല്ലിക്കുന്നേൽ

കെട്ടുറപ്പുള്ള കുടുംബബന്ധങ്ങളാണ് സമൂഹത്തെ വളർത്തുന്നതെന്ന് ഇടുക്കി രൂപതാ മെത്രാൻ മാർ ജോൺ നെല്ലിക്കുന്നേൽ പറഞ്ഞു. ഇടുക്കി രൂപതയിലെ വിവാഹ പൗരോഹിത്യ സന്യാസ ജൂബിലി സംഗമം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. വിവാഹവും കുടുംബജീവിതവും അനിവാര്യതയല്ല എന്ന് ചിന്തിക്കുന്ന വർത്തമാനകാലത്ത് ഒരുമയോടെ ജീവിച്ചതിന്റെ സംതൃപ്തിയിൽ ജൂബിലി ആഘോഷിക്കുന്ന ദമ്പതികൾ പുതുതലമുറയ്ക്ക് മുമ്പിൽ വലിയ വെല്ലുവിളി ഉയർത്തുന്നുണ്ട്.
പ്രാർത്ഥനയിലും ആത്മീയതയിലും പരസ്പരമുള്ള വിശ്വസ്തതയിലും ബലവത്തായ കുടുംബ ബന്ധങ്ങൾക്ക് മാത്രമേ ആയുസ്സ് ഉണ്ടാവുകയുള്ളൂ എന്നും അദ്ദേഹം പറഞ്ഞു.
ലോക രക്ഷകനും ദൈവപുത്രനുമായ ഈശോമിശിഹായുടെ തിരുജനനത്തിന്റെ മഹാജൂബിലി ആഘോഷത്തിന്റെ ഭാഗമായി ഇടുക്കി രൂപതയിൽ 2025 ൽ പൗരോഹിത്യ, സന്ന്യാസ, വൈവാഹിക ജീവിതാന്തസ്സുകളുടെ ജൂബിലി ആഘോഷിക്കുന്നവരുടെ രൂപതാതല സംഗമമാണ് രാജകുമാരി ദൈവമാതാ ജൂബിലി തീർത്ഥാടന കേന്ദ്രത്തിൽ വച്ച് നടന്നത്. രാവിലെ 9.00 മണിയ്ക്ക് ഇടുക്കി രൂപതാ മെത്രാൻ മാർ ജോൺ നെല്ലിക്കുന്നേലിന്റെ മുഖ്യ കർമികത്വത്തിൽ നടന്ന വിശുദ്ധ കുർബാനയ്ക്ക് മുന്നോടിയായി രൂപതയുടെ വിവിധ ഇടവകകളിൽ നിന്ന് എത്തിയ 200 ൽ പരം ദമ്പതികളും, 50 തോളം സമർപ്പിതരും കാഴ്ച സമർപ്പണം നടത്തി. വിശുദ്ധ കുർബാന മദ്ധ്യേ നടത്തിയ സന്ദേശത്തിൽ ഇടുക്കി രൂപതാ വികാരി ജനറാൾ മോൺ. ജോസ് കരിവേലിയ്ക്കൽ ജൂബിലി സന്ദേശം നൽകി. തുടർന്ന് നടന്ന പൊതു സമ്മേളനം ഇടുക്കി രൂപതാ മെത്രാൻ മാർ ജോൺ നെല്ലിക്കുന്നേൽ ഉദ്ഘാടനം ചെയ്തു. മോൺ. ജോസ് കരിവേലിയ്ക്കൽ അധ്യക്ഷത വഹിച്ചു. മോൺ. ജോസ് നരിതൂക്കിൽ, മോൺ. എബ്രഹാം പുറയാറ്റ്, രാജാക്കാട് ഫോറൊനാ വികാരി ഫാ. മാത്യു കരോട്ട് കൊച്ചറയ്ക്കൽ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. ജൂബിലേറിയൻസിനെ സർട്ടിഫിക്കറ്റുകളും ഉപഹാരങ്ങളും നൽകി ആദരിച്ചു. രൂപതാ ഫാമിലി അപോസ്റ്റലേ റ്റിന്റെ ആഭിമുഖ്യത്തിൽ നടത്തിയ ജൂബിലേറിയൻസ് മീറ്റിന് ഫാമിലി അപ്പോസ്റ്റൊലേറ്റ് രൂപതാ ഡയറക്ടർ ഫാ. മാത്യു അഴകനാകുന്നേൽ, രൂപതാ പിതൃവേദി ഡയറക്ടർ ഫാ. ആന്റണി പാലാപുളിയ്ക്കൽ, രൂപതാ മാതൃവേദി ഡയറക്ടർ ഫാ. ജോസഫ് കാരിക്കൂട്ടത്തിൽ, ഫാ. അലക്സ് ചേന്നംകുളം, സി. സോഫിയ റോസ് സിഎംസി, സി. നിത്യ സിഎംസി, സി. ലീമാ റോസ് എസ് എ ബി എസ്, സി. മെറിൻ എസ് എച്ച്, രൂപതാ പാസ്റ്ററൽ കൗൺസിൽ അംഗം ശ്രീ അനൂപ് കുന്നേൽ എന്നിവർ നേതൃത്വം നൽകി.
















































































































