കഴിഞ്ഞ ആറ് മാസത്തിനിടയില്‍ രാജ്യത്ത് ആദ്യമായി കോവിഡ് കേസുകള്‍ ഇരുപതിനായിരത്തിന് താഴെ
ന്യൂഡല്‍ഹി: കഴിഞ്ഞ ആറ് മാസത്തിനിടയില്‍ രാജ്യത്ത് കോവിഡ് കേസുകള്‍ ആദ്യമായി ഇരുപതിനായിരത്തിന് താഴെയെത്തി ചൊവ്വാഴ്ച 18,795 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. തിങ്കളാഴ്ച 26,041 കേസുകളായിരുന്നു. ഇതില്‍നിന്ന് കുത്തനെയുള്ള ഇടിവാണ് ഇന്ന് രേഖപ്പെടുത്തിയത്. 179 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു. കഴിഞ്ഞദിവസമിത് 276 മരണങ്ങളായിരുന്നു.
കേരളം -11,699, മിസോറാം -1,846, തമിഴ്നാട് 1,657, ആന്ധ്രാപ്രദേശ് 618, കര്‍ണാടക 504 എന്നിങ്ങനെയാണ് കോവിഡ് കേസുകള്‍ കൂടുതലുള്ള ആദ്യ അഞ്ച് സംസ്ഥാനങ്ങള്‍. ഈ അഞ്ച് സംസ്ഥാനങ്ങളിലാണ് 86.86 ശതമാനം പുതിയ കേസുകളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. പുതിയ കേസുകളില്‍ 62.25 ശതമാനവും കേരളത്തിലാണ്.
കഴിഞ്ഞദിവസം ഒരു കോടിക്ക് മുകളില്‍ വാക്സിനാണ് രാജ്യത്ത് നല്‍കിയത്. ഇതോടെ ആകെ നല്കിയ ഡോസുകളുടെ എണ്ണം 86 കോടി കവിഞ്ഞു.
രാജ്യത്ത് ഇതുവരെ 3,36,97,581 കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. നിലവില്‍ 2,92,206 പേര് ചികിത്സയിലുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ മൊത്തം 26,030 രോഗികള്‍ സുഖം പ്രാപിച്ചു. ഇതോടെ രോഗം ഭേദമായവരുടെ ആകെ എണ്ണം 3,29,58,002 ആയി. ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച്, രാജ്യത്ത് രോഗം ഭേദമായവരുടെ നിരക്ക് 97.81 ശതമാനമാണ്.