യുവാവ് കെട്ടിടത്തിൽ നിന്നു വീണു മരിച്ച സംഭവം : പരാതി നൽകുമെന്നു ബന്ധുക്കൾ
കട്ടപ്പന∙ യുവാവ് കെട്ടിടത്തിൽ നിന്നു വീണു മരിച്ച സംഭവത്തിൽ ബന്ധുക്കൾ പരാതി നൽകും. കാഞ്ചിയാർ ലബ്ബക്കട പുളിക്കൽ ജോസിന്റെ മകൻ ജോബിനാണ് (20) നിർമാണത്തിലിരുന്ന കെട്ടിടത്തിന്റെ നാലാം നിലയിൽ നിന്നു വീണു മരിച്ചത്. പോസ്റ്റ്മോർട്ടം ഇന്ന് ഇടുക്കി മെഡിക്കൽ കോളജ് ആശുപത്രിയിൽ നടക്കും. കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. പണയത്തിലായിരുന്ന ബൈക്ക് തിരിച്ചു കൊണ്ടുവരാനാണ് ജോബിൻ വീട്ടിൽ നിന്ന് പോയതെന്ന് പിതൃസഹോദരൻ ജോയി പറഞ്ഞു.
ആശുപത്രി ആവശ്യത്തിനുള്ള പണത്തിനാണു ബൈക്ക് പണയം വച്ചത്. തുക തിരിച്ചടയ്ക്കാൻ കഴിയാതെ വന്നതോടെ പണമിടപാടുകാർ ബൈക്ക് കൊണ്ടുപോയിരുന്നു. കല്യാണത്തണ്ട് മേഖലയിലെ കെട്ടിടത്തിലായിരുന്നു അപകടം. പണി നടക്കുന്ന കെട്ടിടമായതിനാൽ പടിക്കെട്ടുകൾക്കു കൈവരികളുമില്ല. സംഭവ സമയത്ത് സ്ഥലത്തുണ്ടായിരുന്നവരെ പൊലീസ് കസ്റ്റഡിയിൽ എടുത്ത് മൊഴി രേഖപ്പെടുത്തിയ ശേഷം വിട്ടയച്ചു. അസ്വാഭാവിക മരണത്തിന് കേസെടുത്തു.









































































