അവതാര്‍ കേരളത്തില്‍ റിലീസ് ചെയ്യും; തര്‍ക്കം ഒത്തുതീര്‍പ്പാക്കി

തിരുവനന്തപുരം: ഹോളിവുഡ് ചിത്രം അവതാര്‍ 2 കേരളത്തിലും റിലീസ് ചെയ്യും. ചിത്രം പ്രദര്‍ശിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് തീയേറ്റര്‍ ഉടമകളും വിതരണക്കാരും തമ്മിലുണ്ടായിരുന്ന തര്‍ക്കം പരിഹരിച്ചതോടെയാണ് തീരുമാനം.
റിലീസ് ചെയ്ത് ആദ്യത്തെ രണ്ടാഴ്ച വിതരണക്കാര്‍ക്ക് 55 ശതമാനവും തീയേറ്ററുടമകള്‍ക്ക് 45 ശതമാനവും എന്ന രീതിയില്‍ വരുമാനം പങ്കിടാന്‍ ധാരണയുണ്ടാക്കി. ആദ്യത്തെ രണ്ടാഴ്ചയ്ക്ക് ശേഷം തീയേറ്ററുടമകളും വിതരണക്കാരും തുല്യമായാകും വരുമാനം പങ്കിടുക. ഇതോടെ ഡിസംബര്‍ 16ന് ലോകവ്യാപകമായി റിലീസ് ചെയ്യുമ്പോൾ തന്നെ ചിത്രം കേരളത്തിലും റിലീസ് ചെയ്യും.
തിയ്യറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക്ക്, ചിത്രത്തിന്റെ വിതരണക്കാര്‍ കൂടുതല്‍ തുക ചോദിക്കുകയാണെന്നാരോപിച്ച് സംസ്ഥാനത്തെ തിയേറ്ററുകളില്‍ സിനിമ പ്രദര്‍ശിപ്പിക്കില്ലെന്ന് അറിയിച്ചിരുന്നു. ഫിയോക്കിന്റെ പ്രതിഷേധത്തെ തുടര്‍ന്ന് ഉണ്ടായ ഒത്തു തീര്‍പ്പ് ചര്‍ച്ചയിലാണ് വരുമാനം പങ്കിടുന്നതു സംബന്ധിച്ച് ധാരണയിലെത്തിയത്.
















































































































