കട്ടപ്പനയിലെ ഗാന്ധിസ്‌ക്വയർ നവീകരണവുമായി ബന്ധപ്പെട്ട് നഗരമധ്യത്തിലെ പഴയ പഞ്ചായത്ത് കാര്യാലയം പൊളിച്ചുനീക്കാനുള്ള നഗരസഭയുടെ തീരുമാനത്തിനെതിരെ നിയമ നടപടിയുമായി വ്യാപാരികൾ.


കട്ടപ്പനയിലെ ഗാന്ധിസ്‌ക്വയർ നവീകരണവുമായി ബന്ധപ്പെട്ട് നഗരമധ്യത്തിലെ പഴയ പഞ്ചായത്ത് കാര്യാലയം പൊളിച്ചുനീക്കാനുള്ള നഗരസഭയുടെ തീരുമാനത്തിനെതിരെ നിയമ നടപടിയുമായി വ്യാപാരികൾ.കെട്ടിടത്തിൽ പ്രവർത്തിയ്ക്കുന്ന ഏതാനും സ്ഥാപന ഉടമകളാണ് കെട്ടിടം പൊളിച്ചുനീക്കുന്നതിനെതിരെ മുൻസിഫ് കോടതിയെ സമീപിച്ചത്. ഇതോടെ കെട്ടിടം എത്രയും വേഗം പൊളിച്ചുനീക്കി ഗാന്ധി സ്‌ക്വയർ നവീകരിയ്ക്കാനുള്ള നഗരസഭയുടെ നീക്കം വൈകാൻ ഇടയാക്കിയേക്കും.ഭൂപതിവ് താഹസിൽദാരുടെ കാര്യാലയം ഉൾപ്പടെ ഒട്ടേറെ സ്ഥാപനങ്ങളാണ് കെട്ടിടത്തിൽ പ്രവർത്തിയ്ക്കുന്നത്. നവംബറിൽ കെട്ടിടത്തിലെ മുറികൾ ഒരുമാസത്തിനകം ഒഴിയമെന്ന് ആവശ്യപ്പെട്ട് കൃഷിഭവനും , ഭൂപതിവ് ഓഫീസിനും , ജില്ലാ ഡ്രഗ് ഓഫീസിനും ഉൾപ്പെടെ നഗരസഭ നോട്ടീസ് നൽകിയിരുന്നു.ഇതിനു പിന്നാലെ ഇന്നലെയും നഗരസഭ സ്ഥാപനങ്ങൾക്ക് 15 ദിവസത്തിനകം ഒഴിഞ്ഞു നൽകണമെന്ന് ആവശ്യപ്പെട്ട് നോട്ടീസ് നൽകി.പകരം സംവിധാനം ഏർപ്പെടുത്താതെ ഒഴിഞ്ഞു നൽകണമെന്ന നഗരസഭയുടെ തീരുമാനത്തിനെതിരെയാണ് വ്യാപാരികൾ കോടതിയെ സമീപിച്ചിരിക്കുന്നത്.നവംബർ 22 ന് നടന്ന കൗൺസിലിൽ ഓഫീസ് കെട്ടിടം ഒഴിയുന്നവർക്ക് പകരം സംവിധാനം കണ്ടെത്തി നൽകണമെന്ന് പ്രതിപക്ഷ അംഗങ്ങൾ ആവശ്യപ്പെട്ടിരുന്നു. നഗരസഭയുടെ കൈവശം ഒഴിവുള്ള വാടകമുറികൾ ഇവർക്കായി ചട്ടപ്രകാരം വിട്ടുനൽകാനും തുടർന്ന് തീരുമാനമായി.15 ലക്ഷം രൂപ മുതൽമുടക്കിലാണ് ഗാന്ധിസ്‌ക്വയർ നവീകരിയ്ക്കുന്നത്. പുതിയ ഗാന്ധി പ്രതിമ ഇവിടെ സ്ഥാപിയ്ക്കാൻ തീരുമാനമായി. ഗാന്ധിസ്‌ക്വയറിൽ ആളുകൾക്ക് വിശ്രമിയ്ക്കാനുള്ള സൗകര്യം ഉൾപ്പെടെ ഒരുക്കുമെന്നാണ് അധികൃതർ പറയുന്നത്.ഈ വർഷം മാർച്ച് വരെയാണ് ഇവിടെ പ്രവർത്തിയ്ക്കുന്ന സ്ഥാപനങ്ങളുമായി നഗരസഭ കരാറിലേർപ്പെട്ടിരിക്കുന്നത്.