ഇടമലക്കുടി സ്‌കൂള്‍ നിര്‍മ്മാണം : തെറ്റായവാര്‍ത്തകള്‍ പ്രചരിപ്പിക്കരുതെന്ന് ജില്ലാ കളക്ടര്‍

ഇടമലക്കുടി സ്‌കൂള്‍ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് തെറ്റായവാര്‍ത്തകള്‍ പ്രചരിപ്പിക്കരുതെന്ന് ജില്ലാ കളക്ടര്‍ ഷീബ ജോര്‍ജ്ജ് . കൊച്ചിന്‍ ഷിപ്പ്യാര്‍ഡിന്റെ സിഎസ്ആര്‍ഫണ്ട് ഉപയോഗിച്ച് നിര്‍മ്മിക്കുന്ന സ്‌കൂള്‍ കെട്ടിടനിര്‍മ്മാണ ജോലികള്‍ 60 ശതമാനം പൂര്‍ത്തീകരിച്ചിട്ടുണ്ട്. ഇടുക്കി ജില്ലാ നിര്‍മ്മിതികേന്ദ്രത്തിനാണ് നിര്‍മ്മാണ ചുമതല . പ്രതികൂല കാലാവസ്ഥയെത്തുടര്‍ന്ന് റോഡ് ഗതാഗത യോഗ്യമല്ലാതാവുകയും, തുടര്‍ന്ന് പ്രവര്‍ത്തനങ്ങള്‍ താല്‍കാലികമായി നിര്‍ത്തിവയ്ക്കുകയുമായിരുന്നു . മഴ മാറിയ സാഹചര്യത്തില്‍ നിര്‍മ്മാണ സാധനങ്ങള്‍ സൈറ്റിലേക്ക് എത്തിക്കുകയും നിര്‍മാണ പ്രവൃത്തി പുനരാംഭിക്കുകയും ചെയ്തിട്ടുണ്ട്. മുന്‍പ് നിശ്ചയിച്ച പ്രകാരം ജനുവരിയില്‍ തന്നെ ഉദ്ഘാടനം നടത്താന്‍ കഴിയുന്ന തരത്തില്‍ നിര്‍മ്മാണ പുരോഗതി ക്രമീകരിച്ചിട്ടുണ്ട്. മറിച്ചുള്ള മാധ്യമവാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്ന് കളക്ടര്‍ അറിയിച്ചു.