Letterhead top
previous arrow
next arrow
Idukki വാര്‍ത്തകള്‍

പതിനെട്ടാം പടിയിലെ പൊലീസുകാരുടെ ഫോട്ടോഷൂട്ട്; മനഃപൂർവ്വമല്ലെങ്കിലും അംഗീകരിക്കാനാവില്ല, ഹൈക്കോടതി



പതിനെട്ടാം പടിയിലെ പൊലീസുകാരുടെ ഫോട്ടോഷൂട്ട് വിവാദത്തിൽ എ ഡി ജി പി ശ്രീജിത്ത് ഹൈക്കോടതിയിൽ നേരിട്ട് ഹാജരായി. പതിനെട്ടാം പടിയിലെ ഫോട്ടോഷൂട്ട് മനഃപൂർവ്വമല്ലെങ്കിലും അംഗീകരിക്കാനാവില്ലെന്നാണ് ഹൈക്കോടതിയുടെ നിലപാട്. ഭക്തരുടെ സുരക്ഷിതത്വത്തിനാണ് പ്രാധാന്യം നൽക്കേണ്ടതെന്നാണ് ഹൈക്കോടതി ദേവസ്വം ബെഞ്ചിന്റെ നിരീക്ഷണം. പൊലീസിന്റെ സേവനങ്ങളെ മാനിക്കുമ്പോഴും ഫോട്ടോയെടുപ്പ് ഗുരുതര വീഴ്ചയാണെന്ന് ഹൈക്കോടതി നേരത്തെ ചൂണ്ടിക്കാട്ടിയിരുന്നു. മാളികപ്പുറത്തെ തേങ്ങയുരുട്ടല്‍ ആചാരമല്ല, ആചാരമല്ലാത്ത നടപടികള്‍ അവസാനിപ്പിക്കണമെന്നും ഹൈക്കോടതി വ്യക്തമാക്കി.

ശബരിമല പതിനെട്ടാം പടിയിൽ പുറംതിരിഞ്ഞുനിന്ന് പൊലീസുകാർ വിവാദ ഫോട്ടോഷൂട്ട് നടത്തിയ സംഭവത്തിൽ സന്നിധാനം സ്പെഷ്യൽ ഓഫീസറോട് എഡിജിപി റിപ്പോർട്ട് തേടിയിരുന്നു. തിങ്കളാഴ്ച രാവിലെ ചുമതലയൊഴിഞ്ഞ സന്നിധാനത്തെ ആദ്യ പൊലീസ് ബാച്ചിൽ ഉൾപ്പെട്ട പതിനെട്ടാം പടി ഡ്യൂട്ടിക്കായി നിയോഗിച്ചിരുന്ന മുപ്പതോളം പൊലീസുകാർ പതിനെട്ടാം പടിയിൽ പിന്തിരിഞ്ഞ് നിന്ന് നടത്തിയ ഫോട്ടോഷൂട്ട് വിവാദമായതിനെ തുടർന്നാണ് എഡിജിപി റിപ്പോർട്ട് ആവശ്യപ്പെട്ടത്. ശനിയാഴ്ച ഉച്ചയോടെ ആയിരുന്നു സംഭവം. പടി ഡ്യൂട്ടിക്കായി നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥർ ഉച്ചയ്ക്ക് ഒരു മണിക്ക് നടയടച്ച ശേഷം പതിനെട്ടാം പടിയുടെ താഴെ മുതൽ വരി വരിയായി നിന്ന് ഫോട്ടോ എടുക്കുകയായിരുന്നു. ഈ ഫോട്ടോ സാമൂഹിക മാധ്യമങ്ങളിൽ അടക്കം പ്രചരിക്കപ്പെട്ടതോടെ ഹിന്ദു ഐക്യവേദിയും, ക്ഷേത്ര സംരക്ഷണ സമിതിയും പൊലീസ് നടത്തിയത് ആചാരലംഘനമാണെന്ന് ആരോപണവുമായി രംഗത്ത് എത്തി. ഇതിന് പിന്നാലെയാണ് സംഭവം സംബന്ധിച്ച് റിപ്പോർട്ട് എഡിജിപി ആവശ്യപ്പെട്ടത്.

അതേസമയം, അവധിയിൽ പോയിരുന്ന പൊലീസ് ഉദ്യോഗസ്ഥരെ തിരികെ വിളിപ്പിച്ച് എ ഡി ജി പി വിശദീകരണം തേടിയിരുന്നു. അതിന്റെ അടിസ്ഥാനത്തിലാണ് പൊലീസുകാര്‍ക്കെതിരെ ഇന്നലെ നടപടി സ്വീകരിച്ചത്.ശിക്ഷാനടപടി എന്നോണം 25 പൊലീസുദ്യോഗസ്ഥരെയും നാല് ദിവസം കെ.എ.പി 4 ബറ്റാലിയനിൽ കഠിന പരിശീലനത്തിനയക്കും. പിന്നാലെ 10 ദിവസം ശബരിമല പരിസരം വൃത്തിയാക്കണം. ഈ ജോലി ചെയ്യുന്ന വിശുദ്ധി സേനയ്ക്കൊപ്പം പ്രവർത്തിക്കണം എന്നാണ് നിർദ്ദേശം.










ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!