35 കാരിയെ കൊലപ്പെടുത്തി മൃതദേഹം ടാങ്കിൽ ഒളിപ്പിച്ച് കാമുകൻ
കാമുകിയെ കൊലപ്പെടുത്തി മൃതദേഹം ടാങ്കിൽ ഒളിപ്പിച്ച യുവാവ് അറസ്റ്റിൽ. ഉത്തർപ്രദേശിലെ പ്രയാഗ്‌രാജിലാണ് സംഭവം. 35 കാരിയായ യുവതിയെ കാണാനില്ലെന്ന് കാണിച്ച് വീട്ടുകാർ നൽകിയ പരാതിയിൽ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതിയുടെ നിർമ്മാണത്തിലിരിക്കുന്ന വീടിന്റെ ടാങ്കിൽ നിന്ന് മൃതദേഹം കണ്ടെടുത്തത്. രാജ് കേസർ (35) എന്ന യുവതിയാണ് മരിച്ചത്. മെയ് 30 മുതൽ കേസറിനെ കാണാനില്ലെന്ന് കാണിച്ച് വീട്ടുകാർ പൊലീസിൽ പരാതിപ്പെട്ടു. തുടർന്ന് യുവതിയുടെ കോൾ ലിസ്റ്റ് കേന്ദ്രീകരിച്ച് പൊലീസ് നടത്തിയ അന്വേഷണമാണ് പ്രതി അരവിന്ദിലേക്കെത്തിച്ചത്. പ്രതി അരവിന്ദുമായി കേസർ പ്രണയത്തിലായിരുന്നുവെന്ന് കണ്ടെത്തി.
അരവിന്ദിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് കൊലപാതക വിവരം പുറത്തറിയുന്നത്. 14 ദിവസം മുമ്പ് താൻ കേസറിനെ കൊലപ്പെടുത്തി മൃതദേഹം വീട്ടിലെ ടാങ്കിനുള്ളിൽ തള്ളിയെന്ന് അരവിന്ദ് പൊലീസിന് മൊഴി നൽകി. വെള്ളിയാഴ്ച പൊലീസ് വീട്ടിലെത്തി മൃതദേഹം പുറത്തെടുത്തു. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് അയച്ചതായി പൊലീസ് കൂട്ടിച്ചേർത്തു.