പഠാന്റെ കളക്ഷൻ വിവരം പുറത്തുവിട്ട് നിർമാതാക്കൾ; നേടിയത് 901 കോടി രൂപ
നാല് വർഷത്തെ ഇടവേളയ്ക്ക് ശേഷം എത്തിയ ഷാരൂഖാൻ ചിത്രമാണ് പഠാൻ. അതുകൊണ്ടു തന്നെ ചിത്രവുമായുള്ള ഓരോ അപ്ഡേറ്റുകളും ആരാധകർ ആഘോഷമാക്കിയിരുന്നു. പ്രമോഷൻ മെറ്റീരിയലുകൾ വിവാദങ്ങൾക്കും ബഹിഷ്കരണ ആഹ്വാനങ്ങൾക്കും കാരണമായി. ഒടുവിൽ എല്ലാ വിമർശനനങ്ങൾക്കുമപ്പുറം ചിത്രം തീയേറ്ററിൽ എത്തിയപ്പോൾ ആരാധകരും സിനിമാസ്വാദകരും തിയറ്ററുകളിലേക്ക് ഒഴുകി. ചിത്രം ഇരുകൈയും നീട്ടി സ്വീകരിച്ചു. ആദ്യ ദിവസം മുതൽ ബോക്സോഫീസിൽ മികച്ച പ്രകടനം കാഴ്ചവച്ച പഠാൻ ഇതുവരെ നേടിയ കളക്ഷൻ വിവരം പുറത്തുവിട്ടിരിക്കുകയാണ് നിർമാതാക്കൾ.
റിലീസ് ചെയ്ത് 17 ദിവസം കൊണ്ട് 901 കോടി രൂപയാണ് ചിത്രം നേടിയത്. ലോകമെമ്പാടുമുള്ള കണക്കാണിത്. ചിത്രത്തിന്‍റെ വിതരണക്കാരായ യാഷ് രാജ് ഫിലിംസാണ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്. ഇന്ത്യയിൽ 558 കോടിയും വിദേശത്ത് നിന്ന് 343 കോടിയുമാണ് ചിത്രം നേടിയത്. ട്രേഡ് അനലിസ്റ്റുകളുടെ അഭിപ്രായത്തിൽ ഈ ആഴ്ച അവസാനത്തോടെ ഷാരൂഖിന്‍റെ ചിത്രം 1000 കടക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ജനുവരി 25 നാണ് പഠാൻ പുറത്തിറങ്ങിയത്. സിദ്ധാർത്ഥ് ആനന്ദ് സംവിധാനം ചെയ്ത ചിത്രത്തിൽ ദീപിക പദുക്കോൺ നായികയായും ജോൺ എബ്രഹാം വില്ലനായും എത്തി. സൽമാൻ ഖാന്‍റെ അതിഥി വേഷവും ഏറെ ശ്രദ്ധയാകർഷിച്ചിരുന്നു. ഡിംപിൾ കപാഡിയ, ഷാജി ചൗധരി, ഗൗതം, അഷുതോഷ് റാണ തുടങ്ങിയവരും ചിത്രത്തിലുണ്ട്. ചിത്രത്തിന്‍റെ ഡിജിറ്റൽ അവകാശം ആമസോൺ പ്രൈം വീഡിയോ സ്വന്തമാക്കിയിട്ടുണ്ട്.