അടിമാലി ഗ്രാമപഞ്ചായത്തിലെ കുതിരകുത്തി വ്യൂപോയന്റിലെ കൈയേറ്റം വനപാലകര്‍ ഒഴിപ്പിച്ചു
അടിമാലി: അടിമാലി ഗ്രാമപഞ്ചായത്തിലെ കുതിരകുത്തി വ്യൂപോയന്റിലെ കൈയേറ്റം വനപാലകര്‍ ഒഴിപ്പിച്ചു.വ്യൂപോയിന്റിനു മുകള്‍ഭാഗത്ത് വനാതിര്‍ത്തിയോടു ചേര്‍ന്ന മേഖലയിലെ കൈയേറ്റമാണ് ഒഴിപ്പിച്ചത്.പാറ തുരന്ന് കന്പികള്‍ നാട്ടി സ്ഥാപിച്ചിരുന്ന വേലിയും സഞ്ചാരികളെ ആകര്‍ഷിക്കാനായി സ്ഥാപിച്ചിരുന്ന ടെന്റ് ഹൗസും നീക്കംചെയ്തു.
സംഭവവുമായി ബന്ധപ്പെട്ട് രണ്ടുപേര്‍ക്കെതിരേ കേസ് രജിസ്റ്റര്‍ ചെയ്തതായും അരയേക്കറോളം ഭൂമി തിരിച്ചു പിടിച്ചതായും വനംവകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.ഉയരത്തിലുള്ള പ്രദേശമായതിനാല്‍ പ്രകൃതി മനോഹാരിത ആസ്വദിക്കാന്‍ ആളുകള്‍ കുതിരകുത്തി വ്യൂപോയിന്റിലെത്താറുണ്ട്.
നീക്കംചെയ്ത ടെന്റ് ക്യാന്പും വേലി നിര്‍മിക്കാന്‍ ഉപയോഗിച്ചിരുന്ന സാധന സാമഗ്രികളും വാളറ ഫോറസ്റ്റ് സ്റ്റേഷനിലേക്ക് മാറ്റി. വാളറ, നഗരംപാറ ഡെപ്യൂട്ടി റേഞ്ച് ഓഫീസര്‍മാരുടെ നേതൃത്വത്തിലാണ് കൈയേറ്റമൊഴിപ്പിച്ചത്.