“കാർ ഓടിച്ചത് നിയന്ത്രണമില്ലാതെ, എതിർദിശയിൽ വീണത് കൊണ്ടാണ് ജീവൻ തിരിച്ചുകിട്ടിയത്”; പ്രതികരിച്ച് ഫൗസിയ
മൈനാഗപ്പള്ളി ആനൂർക്കാവിൽ സ്കൂട്ടറിൽ കാർ ഇടിച്ച സംഭവത്തിൽ പ്രതികരണവുമായി അപകടത്തിൽ പരുക്കേറ്റ ഫൗസിയ. കാർ നിയന്ത്രണമില്ലാതെ അമിത വേഗത്തിലായിരുന്നു വന്നിരുന്നത് ഇടിയുടെ ആഘാതത്തിൽ കുഞ്ഞുമോൾ കാറിന്റെ അടിയിലേക്ക് വീഴുകയും ശരീരത്തിലൂടെ കാർ കയറ്റിയിറക്കുകയുമായിരുന്നു. എതിർ ദിശയിലേക്ക് വീണതുകൊണ്ടാണ് തൻറെ ജീവൻ തിരിച്ചുകിട്ടിയതെന്നും ഫൗസിയ പറഞ്ഞു. അപകടത്തിൽ ഫൗസിയയുടെ കൈയ്യിനും കാലിനും പരുക്കുണ്ട്.
അതേസമയം, സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു. കൊല്ലം ജില്ലാ പൊലീസ് മേധാവി രണ്ടാഴ്ചക്കകം അന്വേഷണ റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ അംഗം വികെ ബീനാ കുമാരി ആവശ്യപ്പെട്ടു. അപകടമുണ്ടാക്കിയ ശേഷം കടന്നു കളത്ത കാറിലുണ്ടായിരുന്നത് ചെയ്യുന്ന തെറ്റിന്റെ ഗൗരവം നന്നായി മനസിലാവുന്ന ഒരു വനിതാ ഡോക്ടറാണെന്ന റിപ്പോർട്ടുകൾ അത്ഭുതപ്പെടുത്തുന്നതാണെന്ന് വികെ ബിനാകുമാരി പറഞ്ഞു.
വനിതാ ഡോക്ടർക്കെതിരെ ആശുപത്രിയും രംഗത്തുവന്നിട്ടുണ്ട്. ആശുപത്രിയ്ക്ക് കളങ്കം ഉണ്ടാക്കുന്ന നടപടി ഡോക്ടറുടെ ഭാഗത്ത് നിന്ന് ഉണ്ടായതായി ആശുപത്രി മാനേജ്മെൻ്റ് കണ്ടെത്തിയിരുന്നു. ഇതേതുടർന്ന് അജ്മലിന്റെ കാറിലുണ്ടായിരുന്ന ഡോക്ടർ ശ്രീകുട്ടിയെ ആശുപത്രിയിൽ നിന്ന് പുറത്താക്കി. വലിയത്ത് ഹോസ്പറ്റലിലാണ് ഡോക്ടറെ പുറത്താക്കിയത്.
അജ്മലിനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു. മനപൂര്‍വ്വമായ നരഹത്യ,അലക്ഷ്യമായി വാഹനം ഓടിക്കല്‍, മോട്ടര്‍ വെഹിക്കല്‍ ആക്ട് പ്രകാരവുമാണ് കേസ്. കൊല്ലം ശാസ്താംകോട്ട പൊലീസാണ് കേസെടുത്തത്. കൊല്ലം കരുനാഗപ്പളളി പൊലീസ് സ്റ്റേഷനിലെ നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ് അജ്മലെന്ന് പൊലീസ് പറഞ്ഞു.
അപകടത്തിൽ യുവ വനിത ഡോക്ടറെയും പ്രതിചേർത്തേക്കും. വാഹനം മുന്നോട്ടു എടുക്കാൻ ഡോക്ടർ നിർദ്ദേശിച്ചു എന്ന സാക്ഷിമൊഴിയുടെ അടിസ്ഥാനത്തിലാണ് നടപടി.താനും വനിതാ ഡോക്ടറും മദ്യപിച്ചിരുന്നു എന്ന അജ്മലിന്റെ മൊഴിയും നിർണ്ണായകമായി. അജ്മലിൻ്റെയും വനിതാ ഡോക്ടർടെയും രക്തസാമ്പിളുകൾ ശേഖരിച്ചു.