കോണ്‍ഗ്രസ് മുന്‍ എംഎല്‍എമാര്‍ക്കെതിരായ നിയമസഭാ കയ്യാങ്കളി കേസ് ഹൈക്കോടതി റദ്ദാക്കി
കോണ്‍ഗ്രസ് മുന്‍ എംഎല്‍എമാര്‍ക്കെതിരായ നിയമസഭാ കയ്യാങ്കളി കേസ് ഹൈക്കോടതി റദ്ദാക്കി. ഡൊമനിക് പ്രസന്റേഷന്‍, എം എ വാഹിദ്, കെ ശിവദാസന്‍ നായര്‍ എന്നിവര്‍ക്കെതിരെയുള്ള കേസാണ് റദ്ദാക്കിയത്. കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നേതാക്കള്‍ നല്‍കിയ ഹര്‍ജികളിലാണ് വിധി. ജസ്റ്റിസ് പിവി കുഞ്ഞികൃഷ്ണന്‍ അധ്യക്ഷനായ സിംഗിള്‍ ബെഞ്ചാണ് ഹര്‍ജികളില്‍ വിധി പറഞ്ഞത്.
വനിതാ എംഎല്‍എമാരായിരുന്ന കെ കെ ലതിക, ജമീല പ്രകാശം എന്നിവരെ അന്യായമായി തടഞ്ഞുവെച്ച് കൈയ്യേറ്റം ചെയ്തുവെന്നാണ് കോണ്‍ഗ്രസ് എംഎല്‍എമാര്‍ക്ക് എതിരായ കുറ്റം. 2015 മാര്‍ച്ച് 13നായിരുന്നു നിയമസഭയിലെ വിവാദമായ കൈയ്യാങ്കളി. അന്നത്തെ ധനമന്ത്രി കെ എം മാണി ബജറ്റ് അവതരിപ്പിക്കുന്നതിനിടെ അഴിമതിയാരോപിച്ച് ഇടത് എംഎല്‍എമാര്‍ സ്പീക്കറുടെ സമീപമെത്തി അക്രമം അഴിച്ചുവിട്ടു. ഇതിനൊപ്പമുണ്ടായിരുന്ന വനിതാ എംഎല്‍എമാരെ ആക്രമിച്ചുവെന്നാണ് യുഡിഎഫ് എംഎല്‍എമാര്‍ക്ക് എതിരെയുള്ള കേസ്.
കേസ് പിന്‍വലിക്കാന്‍ നേരത്തെ സര്‍ക്കാര്‍ തയ്യാറായിരുന്നുവെങ്കിലും ആവശ്യം ഹൈക്കോടതി തള്ളി. പ്രതികളായ ഇടത് എംഎല്‍എമാര്‍ വിചാരണ നേരിടണമെന്നായിരുന്നു സുപ്രിംകോടതിയുടെ നിര്‍ദ്ദേശം
സത്യം ജയിക്കുമെന്ന ഉറപ്പ് ഉണ്ടായിരുന്നുവെന്ന് ഡൊമനിക് പ്രസന്റേഷന്‍ റിപ്പോര്‍ട്ടറിനോട് പ്രതികരിച്ചു. ഒരു തെറ്റും ചെയ്തില്ലെന്ന ഉത്തമ ബോധ്യം ഉണ്ടായിരുന്നു. ആരോടും പരിഭവമില്ല. സ്ത്രീത്വത്തെ അപമാനിക്കില്ല. എല്ലാ സ്ത്രീകളെയും ബഹുമാനിക്കുന്നുവെന്നും ഡൊമനിക് പ്രസന്റേഷന്‍ പറഞ്ഞു.