കോൺഗ്രസ് കട്ടപ്പന മണ്ഡലം ക്യാമ്പ് എക്സിക്യൂട്ടീവിൽ മന്ത്രി റോഷി അഗസ്റ്റിന് രൂക്ഷ വിമർശനം
ബ്ലോക്ക് ജനറൽ സെക്രട്ടറി ഷാജി വെള്ളംമാക്കൽ ക്യാമ്പിൽ അവതരിപ്പിച്ച രാഷ്ട്രീയ പ്രമേയത്തിലാണ് വിമർശനം ഉയർത്തിയത്. രണ്ടായിരത്തി ഒന്നിലെ തെരഞ്ഞെടുപ്പിൽ ഒരു അഭയാർത്ഥിയെ പോലെ യൂ ഡി എഫ് സ്ഥാനാർഥിയായി ഇടുക്കിയിൽ മത്സരിക്കാൻ വന്നപ്പോൾ കേരള കോൺഗ്രസ് പാർട്ടിയിലെ നേതാക്കൾ തന്നെ എതിർത്തിട്ടും, അതിന്റെ പേരിൽ കട്ടപ്പനയിലെ പാർട്ടി ഓഫിസ് തകർത്തിട്ടും റോഷിയെ ചേർത്തുപിടിച്ചു വിജയിപ്പിച്ചത് കോൺഗ്രസ് ആണെന്നും തുടർന്നു വന്ന മൂന്ന് തെരഞ്ഞെടുപ്പുകളിലും കോൺഗ്രസ് പ്രവർത്തകരുടെ അഹോരാത്രമായ പ്രവർത്തനം കൊണ്ടാണ് റോഷി വിജയിച്ചതെന്നും പ്രമേയത്തിൽ പറയുന്നു. സ്വന്തം നേതാവ് കെ എം മാണിയെ കള്ളനെന്നു വിളിച്ച ഇടതു പാളയത്തിൽ ചേക്കേറി മന്ത്രിയായ റോഷി ഇപ്പോൾ ഇടുക്കിയുടെ ശാപം ആണെന്നും പിണറായിയുടെ പാദസേവ ചെയ്യുന്ന വിനീത ദാസനായും മാറിയിരിക്കുകയാണ്. എന്നാൽ മന്ത്രി എന്ന നിലയിൽ യാതൊന്നും ചെയ്യാനാവാതെ വരികയും ഇടുക്കിയിൽ തനിക്കെതിരെ ശക്തമായ ജനവികാരം ഉണ്ടെന്നും മനസിലാക്കി എൽ ഡി എഫ് പാളയത്തിൽ തുടർന്നാൽ തന്റെ രാഷ്ട്രീയ ഭാവി അവസാനിക്കുമെന്ന് തിരിച്ചറിഞ്ഞ് കുറുക്കു വഴികളിലൂടെ യൂ ഡി എഫിലേക്ക് തിരികെ വരാൻ ശ്രമിക്കുകയാണെന്നും ഇത് ഒരു കാരണവശാലുംകോൺഗ്രസ് പ്രവർത്തകർ അംഗീകരിക്കില്ല എന്നും പ്രമേയത്തിൽ ഉണ്ട്. രാഷ്ട്രീയ നെറികേട് കാട്ടിയ റോഷിയെയും കേരളകോൺഗ്രസ് ജോസ് വിഭാഗത്തെയും മുന്നണിയിൽ എടുക്കരുത് എന്ന് കെ പി സി സി യോടും യൂ ഡി എഫ് നേതൃത്വത്തോടും ക്യാമ്പിൽ അവതരിപ്പിച്ച പ്രമേത്തിലൂടെ ഏകകണ്ട്‌മായി ആവശ്യപ്പെട്ടിട്ടുണ്ട്