പ്രാദേശിക വികസന പ്രവർത്തനങ്ങൾക്കുള്ള ഫണ്ട് വെട്ടിക്കുറച്ചും തിരിമറി നടത്തിയും ഗ്രാമീണ വികസനം മരവിപ്പിച്ച് ത്രിതല പഞ്ചായത്തുകളെ നോക്കുകുത്തികളാക്കി മാറ്റിയ പിണറായി ഗവൺമെന്റിനെ ശ്രീലങ്കൻ ജനത അധികാരികളെ പുറത്താക്കിയതുപോലെ കേരള ജനത സെക്രട്ടറിയേറ്റിൽ നിന്നും ആട്ടിപ്പുറത്താക്കുമെന്ന് അഡ്വ. ഡീൻ കുര്യാക്കോസ് എം.പി അഭിപ്രായപ്പെട്ടു.
ത്രിതല പഞ്ചായത്തുകളുടെ 2023 -24 വർഷത്തെ പദ്ധതി വിഹിതം കൃത്യമായി നൽകാതെ, 2024 ഫെബ്രുവരി മാർച്ച് മാസങ്ങളിൽ ട്രഷറികളിൽ സമർപ്പിച്ചിരുന്ന ബില്ലുകൾ ക്യൂബില്ലിൽ ഉൾപ്പെടുത്തി 2024 -25 വർഷത്തെ പദ്ധതി വിഹിതത്തിൽ നിന്നും നൽകേണ്ടി വന്നതുമൂലം ഈ വർഷത്തെ പദ്ധതികൾ അട്ടിമറിക്കപ്പെട്ടതിൽ പ്രതിഷേധിച്ച് യുഡിഎഫ് ജനപ്രതിനിധികളുടെയും നേതാക്കളുടെയും ധർണ ഇടുക്കി കലക്‌ടറേറ്റിനു മുമ്പിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ബില്ലുകൾ മാറി കൊടുക്കുന്നതിനുവേണ്ടി 181 കോടി രൂപ അടിയന്തര ധനസഹായമായി ത്രിതല പഞ്ചായത്ത് നൽകണം. ത്രിതല പഞ്ചായത്തുകൾക്ക് സ്പിൽ ഓവർ പദ്ധതികൾക്ക് നൽകിക്കൊണ്ടിരുന്ന 20% പദ്ധതി വിഹിതം പുനസ്ഥാപിക്കണം. ത്രിതല പഞ്ചായത്തുകളുടെ ബില്ലുകൾക്കും മേൽ ട്രഷറി നിരോധനം ഏർപ്പെടുത്തുന്നത് അവസാനിപ്പിക്കണം. കളക്ടറേറ്റ് പടിക്കൽ യു.ഡി.എഫ് ജില്ല ചെയർമാൻ ജോയി വെട്ടിക്കുഴിയുടെ അധ്യക്ഷതയിൽ നടന്ന ധർണയിൽ ഡി.സി.സി പ്രസിഡൻറ് സി.പി മാത്യു മുഖ്യപ്രഭാഷണം നടത്തി. പ്രൊഫ. എം.ജെ ജേക്കബ്, അഡ്വ. ജോയ് തോമസ്, കെ എ കുര്യൻ, അഡ്വ. ജോസഫ് ജോൺ, എ പി ഉസ്മാൻ, എം കെ പുരുഷോത്തമൻ, എം .ജെ കുര്യൻ, ബെന്നി തുണ്ടത്തിൽ, എം.ഡി അർജുനൻ എന്നിവർ സംസാരിച്ചു.