പൂച്ചപ്ര കൊലപാതകം പ്രതിക്ക് ജീവപര്യന്തം
പൂച്ചപ്ര കല്ലംപ്ലാക്കൽ സനലിനെ (40)കുത്തി കൊലപ്പെടുത്തിയ കേസിൽ പ്രതി ഉണ്ണിയെന്ന് വിളിക്കുന്ന ചെലപ്ലാക്കൽ അരുൺ (35) ജീവപര്യന്തം കഠിന തടവും രണ്ട് ലക്ഷം രൂപ പിഴയും ശിക്ഷ അനുഭവിക്കണം.തൊടുപുഴ അഡിഷണൽ 4 കോടതി ജഡ്ജി ശ്രീമതി പി എൻ സീതയാണ് പ്രതിക്കുള്ള ശിക്ഷ വിധി പ്രസ്താവിച്ചത്. പിഴ ഒടുക്കാത്ത പക്ഷം ആറ് മാസം കൂടുതൽ ശിക്ഷ അനുഭവിക്കണം.
2022 ജനുവരി 22 നാണ് കേസിനാസ്പദമായസംഭവം. സുഹൃത്തുക്കളായ അരുണും സനലും ഒരുമിച്ചു മദ്യപിക്കുന്നതിനിടയിൽ പണിക്കൂലി വീതം വയ്ക്കുന്നതിനെ സംബന്ധിച്ച് ഉണ്ടായതർക്കത്തെ തുടർന്ന് പ്രതി സനലിനെ കുത്തികൊലപ്പെടുത്തി എന്നാണ് പ്രോസീക്യൂഷൻ കേസ്. കേസിൽ ദൃക്സാക്ഷികളുടെ അഭാവത്തിൽ സാഹചര്യത്തെളിവുകൾ നിർണായകമായി. പ്രതി കുറ്റകൃത്യത്തിന് ഉപയോഗിച്ച മുനയൻ കമ്പി പ്രതിയുടെ വീട്ടുവളപ്പിലെ ആഞ്ഞിലി മരത്തിന്റെ പൊത്തിൽ നിന്നും കുറ്റസമ്മതമൊഴി പ്രകാരം കണ്ടെത്തിയത് തെളിയിക്കാനും പ്രതിയെയും വാദിയെയും സംഭവദിവസം വൈകുന്നേരം പൂച്ചപ്രയിൽ ഓട്ടോറിക്ഷ ഓടിക്കുന്ന അനന്തു കണ്ടതും മരണപ്പെട്ട സനലിനും അരുണിനും ഒപ്പം ജോലി ചെയ്തിരുന്ന ബൈജു എന്ന കുട്ടൻ അത് ശരിവച്ചതും കേസിൽ നിർണായകമായി. കൂടാതെ ഞാൻ ഒരാളെ വെട്ടിഇട്ടിട്ടുണ്ട് ഇപ്പോൾ മരിച്ചുപോവും എന്ന് പ്രതി ബന്ധുക്കളായ ഗംഗാധരൻ അനന്തു എന്നിവരോട് പറഞ്ഞത് കോടതിയിൽ തെളിയിക്കാനായതും പ്രോസീക്യൂഷൻ കേസിന് ബലമേകി. കാഞ്ഞാർ പോലീസ് സ്റ്റേഷൻ SHO ആയിരുന്ന ഇ കെ സോൾഡ്ജിമോനാണ് കുറ്റപത്രം സമർപ്പിച്ചത്. കേസിൽ പ്രോസീക്യൂഷനുവേണ്ടി അഡിഷണൽ പബ്ലിക് പ്രോസീക്യൂട്ടർ അഡ്വ വി എസ് അഭിലാഷ് ഹാജരായി. സിവിൽ പോലീസ് ഓഫീസർ ജെയ്‌സൺ പ്രോസീക്യൂഷൻ സഹായിയായിരുന്നു.