തദ്ദേശ തെരഞ്ഞെടുപ്പ്; തലസ്ഥാനത്തെ കുടിവെള്ള പ്രതിസന്ധി ഇടതുപക്ഷത്തിന് വെല്ലുവിളിയാകും
തദ്ദേശ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ തലസ്ഥാന നഗരത്തിലെ കുടിവെള്ള പ്രതിസന്ധി ഇടതുപക്ഷത്തിന് വെല്ലുവിളിയാകും. ഇത് മുന്നിൽ കണ്ട് വീഴ്ച പൂർണമായും ഉദ്യോഗസ്ഥരുടെ തലയിൽ ചാരുകയാണ് നഗരസഭയും, സർക്കാരും. ജല അതോറിട്ടി ഉദ്യോഗസ്ഥരെ കുറ്റപ്പെടുത്തി മന്ത്രി റോഷി അഗസ്റ്റിനും വി കെ പ്രശാന്ത് എം എൽ എയും രംഗത്തെത്തി. കുടിവെള്ളം മുട്ടിച്ച മന്ത്രി റോഷി അഗസ്റ്റിനും മേയർ ആര്യാ രാജേന്ദ്രനും രാജി വെക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ സംഘടനകൾ രംഗത്തെത്തി.
തദ്ദേശ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ കുടിവെള്ളം മുട്ടിയതിൽ ഉത്തരവാദിത്തം പൂർണ്ണമായും ഉദ്യോഗസ്ഥരുടെ തലയ്ക്കിട്ട് രക്ഷപ്പെടുകയാണ് സർക്കാരും നഗരസഭയും. കുടിവെള്ളം മുട്ടിയത് ജല അതോറിറ്റിയുടെ അനാസ്ഥ കാരണമാണെങ്കിലും ബദൽ സംവിധാനം ഒരുക്കുന്നതിൽ ആദ്യ ദിവസങ്ങളിൽ നഗരസഭാ പൂർണമായി പരാജയപ്പെട്ടിരുന്നു. എന്നാൽ ഉദ്യോഗസ്ഥരുടെ വീഴ്ച കാരണമാണ് നഗരത്തിൽ ദിവസങ്ങളോളം കുടിവെള്ളം മുടങ്ങിയതെന്ന് നഗരസഭ അധികൃതരും, മന്ത്രി റോഷി അഗസ്റ്റിനും പറയുന്നു.
അഞ്ചു ദിവസം കുടിവെള്ളം മുടങ്ങിയതിൽ കോൺഗ്രസ് കൗൺസിലർമാർ നഗരസഭക്ക് മുന്നിൽ പ്രതിഷേധിച്ചു. നഗരസഭയുടെയും, ജല അതോറിറ്റിയുടെയും ഭാഗത്ത് കുറ്റകരമായ അനാസ്ഥ ഉണ്ടായി എന്നും നഗരസഭാ മേയറും, മന്ത്രി റോഷി അഗസ്റ്റിനും രാജി വെക്കണമെന്നും യുഡിഎഫ് കൺവീനർ എം എം ഹസ്സൻ പറഞ്ഞു.
കുടിവെള്ള പ്രശനം പരിഹരിക്കാൻ പ്രാപ്തിയുള്ള ഉദ്യോഗസ്ഥരെ ജല അതോറിറ്റി നിയമിക്കണമെന്ന് മുൻ മേയർ വി കെ പ്രശാന്ത് എംഎൽഎ പറഞ്ഞു. ജല അതോറിട്ടി നഗരസഭയുമായി കൂടിയാലോചനകൾ നടത്തിയില്ലെന്നും വി കെ പ്രശാന്ത് വിമർശിച്ചു.