നാട്ടുവാര്‍ത്തകള്‍
തൊഴിലുറപ്പിലെ അഴിമതി അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ധർണ
ഏലപ്പാറ : തൊഴിലുറപ്പ് പണികളിലെ അഴിമതിയിൽ അന്വേഷണം ആവശ്യപ്പെട്ട് പഞ്ചായത്തോഫീസ് പടിക്കൽ തൊഴിലാളികൾ ധർണ നടത്തി. പഞ്ചായത്തിലെ ആറാം വാർഡായ വാഗക്കാട് പുതുവലിലാണ് അഴിമതി ആരോപണം ഉയർന്നിരിക്കുന്നത്. വീട്ടിലിരിക്കുന്നവർക്കും മറ്റ് ജോലികൾക്ക് പോകുന്നവർക്കും മസ്റ്റർ റോളിൽ ഹാജർ നൽകി പണം തട്ടുന്നതായാണ് ആരോപണം.
സംഭവത്തിൽ പഞ്ചായത്ത് അധികൃതർക്ക് പരാതി നൽകിയിരുന്നു. അന്വേഷണം നടത്തി കുറ്റക്കാർക്ക് സസ്പെൻഷൻ അടക്കമുള്ള നടപടികൾ ഉണ്ടാവുകയും ചെയ്തു. എന്നാൽ വീണ്ടും പണിയെടുക്കാത്ത തൊഴിലാളികളെ മസ്റ്ററിൽ ഉൾപ്പെടുത്തുകയും പരാതി നൽകിയവർക്കെതിരേ പ്രതികാരനടപടികൾ തുടരുകയും ചെയ്തതോടെയാണ് തൊഴിലാളികൾ സമരവുമായി രംഗത്തത്തിയത്.
പഞ്ചായത്ത് മെമ്പർ പ്രസിഡന്റുമായി ചർച്ച നടത്തി. അന്വേഷണം നടത്തി നടപടിയെടുക്കാമെന്ന ഉറപ്പ് നൽകിയശേഷമാണ് സമരം അവസാനിപ്പിച്ചത്.