എ പ്ലസ് ലഭിച്ചവരുടെ എണ്ണം മൂന്നു മടങ്ങായി; ജില്ലയിൽ പ്ലസ് വൺ പ്രവേശനം ഇക്കുറി കടുക്കും
എസ്എസ്എൽസി പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് ലഭിച്ചവരുടെ എണ്ണം മൂന്നു മടങ്ങായതോടെ പ്ലസ് വൺ പ്രവേശനത്തിന് ഇക്കുറി മത്സരം കടുക്കും. മികച്ച വിജയം നേടിയവർക്കു പോലും ഇഷ്ട സ്കൂളും കോംബിനേഷനും കിട്ടുക ബുദ്ധിമുട്ടാകും. പ്രത്യേകിച്ച്, കൂടുതൽ അപേക്ഷകരുള്ള സയൻസ് വിഷയങ്ങളിൽ. താൽപര്യമുള്ള സ്കൂളിൽ, ഇഷ്ട കോംബിനേഷൻ ലഭിക്കണമെങ്കിൽ പ്രവേശനത്തിനുള്ള മറ്റു മാനദണ്ഡങ്ങളും ഏറെ പ്രസക്തമാകും. സയൻസ്, കൊമേഴ്സ്, ഹ്യുമാനിറ്റീസ് വിഭാഗങ്ങളിലായി ജില്ലയിൽ ആകെ 11,867 പ്ലസ് വൺ സീറ്റുകളാണ് ഉള്ളത്.
ജില്ലയിൽ ഇത്തവണ എസ്എസ്എൽസി പരീക്ഷ എഴുതിയതിൽ ഉന്നതപഠനത്തിന് അർഹരായത് 11,197 പേരാണ്. ഇതിൽ 2,785 പേർ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടി. ഇവർക്കു പുറമേ സിബിഎസ്ഇ, ഐസിഎസ്ഇ, ഇതര സംസ്ഥാനങ്ങളിൽ പഠിച്ചിരുന്ന മലയാളി വിദ്യാർഥികൾ കൂടി എത്തുന്നതോടെ പ്ലസ് വണ്ണിന് അപേക്ഷകർ വീണ്ടും കൂടും. എസ്എസ്എൽസി ഫലം വന്നതിനു പിന്നാലെ തന്നെ അഡ്മിഷനായി രക്ഷിതാക്കളും വിദ്യാർഥികളും ഓട്ടം തുടങ്ങിക്കഴിഞ്ഞു.