ബേക്കറി ഉടമയുടെ ആത്മഹത്യ ; വിനോദിന്റെ ജീവിതം തകിടം മറിച്ചത് ലോക്ഡൗൺ; വ്യാപാരികൾക്ക് മരണപ്പൂട്ട്
ലോക്ഡൗൺ നിയന്ത്രണങ്ങളെ തുടർന്നുള്ള കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ ജീവിതം വഴിമുട്ടി വ്യാപാരികൾ. കടബാധ്യതയെത്തുടർന്ന് ഇരുമ്പുപാലത്തു ബേക്കറിയുടമ ആത്മഹത്യ ചെയ്ത സംഭവം ലോക്ഡൗൺ വ്യാപാര മേഖലയിൽ സൃഷ്ടിക്കുന്ന വലിയ ദുരന്തത്തിന്റെ സൂചനയാണ്. കോവിഡ് രണ്ടാം തരംഗത്തെ നേരിടാൻ കേരളം സ്വീകരിച്ച ലോക്ഡൗൺ നിയന്ത്രണങ്ങൾ അശാസ്ത്രീയമാണെന്ന് ആരോഗ്യ വിദഗ്ധരടക്കം ആവർത്തിക്കുന്ന ഘട്ടത്തിലാണു ജില്ലയെ നടുക്കി ആത്മഹത്യ.
കോവിഡ് രണ്ടാം തരംഗത്തിനു പിന്നാലെ 2 മാസത്തിലേറെയായി ലോക്ഡൗണും നിയന്ത്രണങ്ങളും തുടരുമ്പോൾ നിതൃവൃത്തിക്കു വഴിയില്ലാതെയും കടംപെരുകിയും ആത്മഹത്യയുടെ വക്കിലാണ് പലരും. എന്നാൽ, ഇവർക്ക് അർഹമായ പരിഗണന നൽകാൻ സർക്കാർ തയാറാകുന്നില്ലെന്ന ആക്ഷേപം ശക്തമാണ്. ചെറുകിട വ്യാപാര സ്ഥാപനങ്ങളും ഹോട്ടൽ മേഖലയും കടുത്ത പ്രതിസന്ധിയിലൂടെയാണു കടന്നുപോകുന്നത്. വരുമാനം നിലച്ച അവസ്ഥയിലും കെട്ടിട വാടക, വൈദ്യുതി ബിൽ അടക്കം ചെലവിനു കുറവില്ല.
പല സ്ഥാപനങ്ങളും പൂട്ടേണ്ട അവസ്ഥയിലായി. ഇത്തരം സ്ഥാപനങ്ങളുടെ നിലനിൽപിനു വേണ്ടി സർക്കാർ ഇടപെടണമെന്നും ആത്മഹത്യ ചെയ്ത വിനോദിന്റെ കുടുംബത്തിനു ധനസഹായം നൽകണമെന്നും കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന ജനറൽ സെക്രട്ടറി രാജു അപ്സരയും ഇടുക്കി ജില്ലാ പ്രസിഡന്റ് കെ.എൻ ദിവാകരനും ആവശ്യപ്പെട്ടു.
വിനോദിന്റെ ജീവിതം തകിടം മറിച്ചത് ലോക്ഡൗൺ
ബേക്കറി വ്യാപാരത്തിൽ നിന്നു ഭേദപ്പെട്ട വരുമാനം ലഭിച്ചതോടെ അല്ലലില്ലാതെ ഉപജീവനം നടത്തിയിരുന്ന ഒഴുവത്തടം പുല്ലരിമലയിൽ ജി. വിനോദിന്റെ ജീവിതം തകിടം മറിച്ചതു ലോക്ഡൗൺ പ്രതിസന്ധി. കെട്ടുറപ്പുള്ള വീട് നിർമിക്കുക എന്ന സ്വപ്നം 7 വർഷം മുൻപ് യാഥാർഥ്യമാക്കി. ധനകാര്യ സ്ഥാപനങ്ങളിൽ നിന്നും വ്യക്തികളിൽ നിന്നും ഇതിനായി തരപ്പെടുത്തിയ പണം പലിശ സഹിതം ഗഡുക്കൾ മുടങ്ങാതെ അടയ്ക്കുന്നതിനു ബേക്കറിയിൽ നിന്നുള്ള വരുമാനം സഹായമായി.
ഇതിനിടെയാണ് കോവിഡും ലോക്ഡൗണും ജീവിതം വഴിമുട്ടിച്ചത്. രണ്ടും വർഷം മുൻപ് ബേക്കറിയിൽ നിന്നു കിട്ടിക്കൊണ്ടിരുന്നതിന്റെ പത്തിലൊന്നു പോലും ഇപ്പോൾ ലഭിക്കുന്നില്ലെന്നു ബന്ധുക്കൾ പറഞ്ഞു. മകൻ അഖിലിനു വാഹനം ഓടിച്ചു കിട്ടുന്ന വരുമാനം ആയിരുന്നു മറ്റൊരാശ്വാസം. ലോക്ഡൗണിൽ അതും ഇല്ലാതായി. ഇതോടെ കടക്കെണി മുറുകി.
ഇതാണ്, 10 വർഷത്തോളമായി തന്റെ ജീവിതം കരുപ്പിടിപ്പിച്ച ബേക്കറിക്കുള്ളിൽ തന്നെ ജീവിതം അവസാനിപ്പിക്കാൻ വിനോദിനെ പ്രേരിപ്പിച്ചത്. വീട്ടിൽ നിന്നു മകനോടൊപ്പമാണു രാവിലെ ബേക്കറിയിലേക്ക് പോയിരുന്നത്. എന്നാൽ ഇന്നലെ അതുണ്ടായില്ല. മകനോട് അൽപം താമസിച്ച് എത്തിയാൽ മതിയെന്നു പറഞ്ഞാണ് വീട്ടിൽ നിന്നിറങ്ങിയത്. ആത്മഹത്യയിലേക്കായിരുന്നു യാത്ര പറഞ്ഞിറങ്ങിയതെന്നു കുടുംബത്തിനു വിശ്വസിക്കാനായിട്ടില്ല. നാട്ടിൽ ഏറെ സ്വീകാര്യനായിരുന്നു വിനോദെന്നു സുഹൃത്തുക്കൾ പറഞ്ഞു.
പി.ജെ. ജോസഫ് അനുശോചിച്ചു
അടിമാലിയിലെ വ്യാപാരി വിനോദിന്റെ നിര്യാണത്തിൽ കേരള കോൺഗ്രസ് ചെയർമാൻ പി.ജെ.ജോസഫ് എംഎൽഎ അനുശോചിച്ചു. മാസങ്ങളായി വരുമാന മാർഗങ്ങൾ നിലച്ചു കടക്കെണിയിലായ വ്യാപാര സമൂഹത്തിന്റെ നേർക്കാഴ്ചയാണ് സംഭവമെന്ന് പി.ജെ ജോസഫ് പറഞ്ഞു. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു കട തുറക്കുന്നതിനും വൈദ്യുതി – വെള്ളക്കരം നിരക്കുകളിൽ ഇളവ് ഏർപ്പെടുത്തുന്നതിനും സർക്കാർ നടപടി കൈക്കൊള്ളണം. വിനോദിന്റെ കുടുംബത്തിനു ധനസഹായം നൽകാൻ തയാറാകണമെന്നും ജോസഫ് ആവശ്യപ്പെട്ടു