കട്ടപ്പന വാക്സിനേഷൻ സെന്ററിൽ ഉന്തും തള്ളും; വയോധികരും സ്ത്രീകളും നിലത്തു വീണു; ചില്ല് പൊട്ടി കൈ മുറിഞ്ഞു
കട്ടപ്പന∙ നഗരസഭാ ടൗൺ ഹാളിലെ കോവിഡ് പ്രതിരോധ വാക്‌സീൻ വിതരണ കേന്ദ്രത്തിലെ തിരക്ക് ബഹളത്തിലും ഉന്തിലും തള്ളിലും കലാശിച്ചു. തിരക്ക് നിയന്ത്രിക്കാൻ എത്തിയ പൊലീസ് ഉദ്യോഗസ്ഥനെ ചിലർ പിടിച്ചു തള്ളി പുറത്താക്കി. തിക്കിലും തിരക്കിലുംപെട്ട് ടൗൺ ഹാളിലെ ജനലിന്റെ ചില്ല് പൊട്ടി വയോധികന്റെ കൈക്ക് മുറിവേറ്റു. ഇന്നലെ രാവിലെ 7.30 മുതൽ ടോക്കൺ നൽകുമെന്ന അറിയിപ്പ് അനുസരിച്ച് പുലർച്ചെ 5 മുതൽ ആളുകൾ ടൗൺ ഹാളിലേക്ക് എത്തിത്തുടങ്ങി.
രണ്ടാം ഡോസ് എടുക്കാനായി 350 പേർക്കുള്ള മരുന്നാണ് എത്തിയിരുന്നതെങ്കിലും അഞ്ഞൂറിലേറെപ്പേർ തടിച്ചുകൂടിയതോടെ തിരക്ക് വർധിച്ചു. 8.30 ആയപ്പോഴാണ് ടോക്കൺ വിതരണം ആരംഭിച്ചത്. ഇത് വാങ്ങാനായി ആളുകൾ തിരക്ക് കൂട്ടിയതോടെ ബഹളം ആരംഭിച്ചു. തുടർന്ന് ഉന്തും തള്ളും തുടങ്ങി. ഇത് നിയന്ത്രിക്കാനായി സ്ഥലത്ത് ഉണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥൻ ശ്രമിച്ചെങ്കിലും അദ്ദേഹത്തെയും ചിലർ തള്ളി പുറത്താക്കി. ആളുകൾ തിരക്ക് കൂട്ടിയതോടെ വയോധികരും സ്ത്രീകളും ഉൾപ്പെടെയുള്ളവർ നിലത്തു വീണു.
തിരക്കിനിടയിൽപെട്ട് വീണ ചിലർ നിലവിളിക്കുന്നതും കേൾക്കാമായിരുന്നു. ഇതിനിടെയാണ് ജനൽ ചില്ല് പൊട്ടി വയോധികന്റെ കൈക്ക് പരുക്കേറ്റത്. കൂടുതൽ പൊലീസ് എത്തിയാണ് സ്ഥിതി ശാന്തമാക്കിയത്. തിരക്കുമൂലം പലരും ടോക്കൺ ലഭിക്കാതെ മടങ്ങി. യാതൊരു കോവിഡ് മാനദണ്ഡങ്ങളും പാലിക്കാതെ ആളുകൾ കൂട്ടം കൂടുന്ന സാഹചര്യമാണ് ടൗൺ ഹാളിൽ ഉണ്ടായത്.
വാക്‌സീൻ വിതരണം ക്രമീകരിക്കുന്നതിൽ ഉണ്ടായ വീഴ്ചകളാണ് പ്രശ്‌നത്തിനു കാരണമെന്ന ആക്ഷേപം ശക്തമാണ്. തിരക്കിനിടെ ചില കൗൺസിലർമാർ എത്തി 10 ടോക്കൺ വീതം വാങ്ങിയതും ബഹളത്തിനു കാരണമായിരുന്നു. സമാന രീതിയിലുള്ള തിരക്ക് മുൻപും അനുഭവപ്പെട്ടിട്ടുണ്ടെങ്കിലും ടോക്കൺ വിതരണം കാര്യക്ഷമമാക്കാൻ ബന്ധപ്പെട്ടവർ നടപടി സ്വീകരിക്കുന്നില്ല.
തിരക്ക് നിയന്ത്രിക്കാൻ ഇടപെടും: നഗരസഭാ ചെയർപഴ്‌സൻ
കട്ടപ്പന ടൗൺ ഹാളിൽ വാക്‌സീൻ സ്വീകരിക്കാൻ എത്തുന്നവരുടെ തിരക്ക് നിയന്ത്രിക്കാൻ നടപടി സ്വീകരിക്കുമെന്ന് നഗരസഭാ ചെയർപഴ്‌സൻ ബീന ജോബി. നഗരസഭാ പരിധിക്കു പുറത്തു നിന്ന് ആളുകൾ വരുന്നതാണ് തിരക്ക് വർധിക്കാൻ കാരണം.
അതിനാൽ 34 വാർഡുകളിലെയും കൗൺസിലർമാർ മുഖേന ടോക്കൺ വിതരണം ചെയ്യും. കൗൺസിലർമാർക്ക് ചെയർപഴ്‌സൻ നേരിട്ട് ടോക്കണുകൾ നൽകും. ഇനിമുതൽ ഈ രീതിയിലാകും ടോക്കൺ നൽകുകയെന്നും ബീന ജോബി പറഞ്ഞു.