സഹകരണ നിയമ ഭേദഗതികൾ സംഘങ്ങളെ വീണ്ടും ദുർബ്ബലപെടുത്തും. വി. ഡി. സതീശൻ
കോ. ഓപ്പറേറ്റീവ് എംപ്ലോയീസ് ഫ്രണ്ട് രജിസ്ട്രാർ ഓഫീസ് മാർച്ചും ധർണ്ണയും നടത്തി.
തിരുവനന്തപുരം : കേരളത്തിലെ സഹകരണ മേഖലയിൽ സർക്കാർ കൊണ്ടുവന്ന നിയമ ഭേദഗതികൾ കേരളത്തിലെ സഹകരണ സംഘങ്ങളുടെ തകർച്ചക്ക് വഴിയൊരുക്കുമെന്നും സഹകരണ മേഖലയെയും ഇടപാടുകരെയും ജീവനക്കാരെയും ബാധിക്കുന്ന നിയമങ്ങൾ മാറ്റുന്നതുവരെ സമരം തുടരുമെന്നും പ്രതിപക്ഷ നേതാവ് വി. ഡി. സതീശൻ.ഈ മേഖലയിൽ ഒരു തിരുത്തൽ ശക്തി യായി പ്രവർത്തിക്കാനാവശ്യമായ എല്ലാ സഹായവും എംപ്ലോയീസ് ഫ്രണ്ടിന് ചെയ്തുതരുമെന്നും അദ്ദേഹം പറഞ്ഞു. സഹകരണ സംഘങ്ങൾക്കും ജീവനക്കാർക്കുമെതിരായ നിയമ ഭേദഗതികൾക്കെതിരെ സഹകരണ ജീവനക്കാരുടെ പ്രബല സംഘടനയായ കേരള കോ. ഓപ്പറേറ്റീവ് എംപ്ലോയീസ് ഫ്രണ്ട് സഹകരണ സംഘം രജിസ്ട്രാർ ഓഫീസിലേക്ക് നടത്തിയ മാർച്ചും ധർണ്ണയും ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാന പ്രസിഡന്റ് എം. രാജു അധ്യക്ഷത വഹിച്ചു. കെ. പി. സി. സി. സെക്രട്ടറി എം. ലിജു മുഖ്യ പ്രഭാഷണം നടത്തി.
സഹകരണ സംഘങ്ങളിൽ വർഷങ്ങളായി സ്വരൂപിച്ച റിസർവ് ഫണ്ട്, അഗ്രിക്കൾച്ചർ ക്രെഡിറ്റ് സ്റ്റബിലൈസേഷൻ ഫണ്ട് എന്നിവ വകമാറ്റിയുള്ള പുനരുദ്ധാരണ നിധി,സഹകരണ മേഖലയുടെ സുരക്ഷ അവതാളത്തിലാക്കുമെന്നും ഈ തീരുമാനം ഉടൻ പിൻവലിക്കണമെന്നും സമരക്കാർ ആവശ്യപ്പെട്ടു.നാടിന്റെ സാമ്പത്തിക സുരക്ഷക്കായി പ്രവർത്തിക്കുന്ന സഹകരണ സ്ഥാപനങ്ങളുടെ സുരക്ഷക്കായി സർക്കാർ ബഡ്ജറ്റ് വിഹിതത്തിൽ ഉൾപ്പെടുത്തി പുനരുദ്ധാരണ നിധി സ്വരൂപിക്കുകയാണ് വേണ്ടത്. സംഘങ്ങളിലെ നിക്ഷേപ സുരക്ഷക്കായി സ്ഥാപിച്ച നിക്ഷേപ ഗ്യാരണ്ടീ ഫണ്ട് ബോർഡ്, റെക്കറിങ് പ്രീമിയം ഏർപ്പെടുത്തി ശക്തിപ്പെടുത്തണമെന്നും ആവശ്യപ്പെട്ടു.
സംഘങ്ങളിലെ അസിസ്റ്റന്റ് സെക്രട്ടറി, മാനേജർ തസ്തികകളിലേക്ക് പ്രൊമോഷനുകൾ നിയന്ത്രിക്കുന്ന ചട്ടം 185(2എ,2ബി,2സി )ഭേദഗതികൾ പിൻവലിക്കുക, സബ്ബ് സ്റ്റാഫിൽനിന്നും ക്ലറിക്കൽ വിഭാഗത്തിലേക്കുള്ള ജീവനക്കാരുടെ സ്ഥാനക്കയറ്റം തടയുന്ന ചട്ടം 185(10)പൂർണ്ണമായും പിൻവലിക്കുക, കേരള ബാങ്ക് ഉൾപ്പെടെയുള്ള അപ്പെക്സ് സ്ഥാപനങ്ങളിലേക്കുള്ള റിസർവേഷൻ എല്ലാ പ്രാഥമിക സഹകരണ സംഘം ജീവനക്കാർക്കും നൽകിയിരുന്നത് പു:നസ്ഥാപിക്കുക, ചീഫ് എക്സിക്യൂട്ടീവ് ഓഫീസർമാർക്ക് നീതി വിരുദ്ധമായി നടപ്പാക്കിയിട്ടുള്ള പിഴകൾ പിൻവലിക്കുക, കമ്മീഷൻ ഏജന്റുമാരുടെ സ്ഥിര വേതനവും ശമ്പളവും വർധിപ്പിച്ചുകൊണ്ട് ഇൻസെന്റീവ് ഭാഗംകൂടി ചേർത്ത് പെൻഷൻ കണക്കാക്കുന്നതിന് ഉത്തരവുണ്ടാകുക,കാലാവധി പൂർത്തിയായ ശമ്പള പരിഷ്ക്കരണം ഉടൻ നടപ്പിൽ വരുത്തുക, കുടിശ്ശികയായ ക്ഷാമബത്ത ഗഡുക്കൾ ഉടൻ അനുവദിച്ചുകൊണ്ട് ഉത്തരവ് പുറപ്പെടുവിക്കുക, സഹകരണ മേഖലയിലെ പെൻഷൻ കാലോചിതായി പരിഷ്ക്കരിക്കുക തുടങ്ങിയ ആവശ്യങ്ങളും സംഘടന ഉന്നയിച്ചു. സംഘങ്ങൾക്കും വായ്പക്കാർക്കും സർക്കാരിലേക്ക് നൽകേണ്ടതായ ഫീസുകൾ ഇരട്ടിയായി വർധിപ്പിച്ചത് പിൻവലിക്കുക,കയർ കൈത്തറി, വ്യവസായം, ക്ഷീരം, ഫിഷറീസ്, മാർക്കറ്റിങ് തുടങ്ങിയ ഇതര സംഘങ്ങളിലെ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതിനായി സർക്കാർ പ്രത്യേക പാക്കേജ് നടപ്പാക്കുക എന്നിവയും സമരക്കാർ ആവശ്യപ്പെട്ടു.
വഴുതക്കാടുനിന്നും ആരംഭിച്ച മാർച്ച് രജിസ്ട്രാർ ഓഫീസിനുമുമ്പിൽ പോലീസ് തടഞ്ഞതോടെ പ്രവർത്തകർ കുത്തിയിരുന്ന് ധർണ്ണ സമരം നടത്തി പ്രതിഷേധിച്ചു. കെ. സി. ഇ. എഫ്. സംസ്ഥാന ജനറൽ സെക്രട്ടറി ഇ. ഡി. സാ ബു, ട്രഷറർ കെ. കെ. സന്തോഷ്, കെ. പി. സി. സി. സെക്രട്ടറി ഹരീന്ദ്രനാഥ്,യൂത്ത് കോൺഗ്രസ്സ് സംസ്ഥാന വൈസ് പ്രസിഡന്റുമാരായ അബിൻ വർക്കി, അബ്ദുൾ റഷീദ് കണ്ണൂർ, സംസ്ഥാന ഭാരവാഹികളായ ടി. സി. ലൂക്കോസ്, ടി. വി. ഉണ്ണികൃഷ്ണൻ, സി. കെ. മുഹമ്മദ് മുസ്തഫ, സി. വി. അജയൻ, ബിനു കാവുങ്ങൽ, പ്രേംകുമാർ കൊല്ലം,അബ്രഹാം കുര്യാക്കോസ്, പി. രാധാകൃഷ്ണൻ, കെ. ശശി,അനിത വത്സൻ, ശ്രീകല തുടങ്ങിയവർ സംസാരിച്ചു. സംഘടന മന്ത്രിക്കു സമർപ്പിച്ച ഡിമാന്റ് നോട്ടീസ് അംഗീകരിക്കാത്ത പക്ഷം ഈ മാസം 25ന് എല്ലാ ജില്ലയിലെയും സഹകരണ ജോയിന്റ് രജിസ്ട്രാർ ഓഫീസിലേക്ക് മാർച്ചും ധർണ്ണയും നടത്തും. തുടർന്ന് സെക്രട്ടേറിയറ്റിനും രജിസ്ട്രാർ ഓഫീസിനും മുമ്പിൽ റിലേ സത്യാഗ്രഹം ആരംഭിക്കുമെന്നും ഭാരവാഹികൾ പറഞ്ഞു.