ഇരുട്ടുകാനത്തെ റിസോർട്ടിലും കൊച്ചിയിലും വെച്ച് പീഡനം; നടൻ ബാബുരാജിനെതിരെ അടിമാലി പോലീസ് കേസെടുത്തു
യുവതിയിൽ നിന്നും മൊഴിയെടുത്ത ശേഷം കേസ് രജിസ്റ്റർ ചെയ്തു
നടൻ ബാബുരാജ് പീഡിപ്പിച്ചെന്ന ജൂനിയർ ആർടിസ്റ്റിൻ്റെ പരാതിയിൽ ബലാത്സംഗ കുറ്റം ചുമത്തി അടിമാലി പൊലീസ് കേസെടുത്തു. അടിമാലി ഇരുട്ടുകാനത്തെ ബാബുരാജിൻ്റെ റിസോർട്ടിലും കൊച്ചിയിലും വെച്ച് പീഡിപ്പിച്ചതായുള്ള യുവതിയുടെ പരാതിയിലാണ് കേസ്. യുവതിയിൽ നിന്ന് ഫോൺവഴി വിവരങ്ങളെടുത്ത ശേഷമാണ് അടിമാലി പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്.
സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് വിളിച്ചുവരുത്തി പീഡിപ്പിച്ചു വെന്നാണ് പരാതി. സംസ്ഥാന പൊലീസ് മേധാവിക്ക് യുവതി ഇ-മെയിൽ വഴി നൽകിയ പരാതി അടിമാലി പൊലീസിന് കൈമാറുകയായിരുന്നു. കേസിൻ്റെ വിശദാംശങ്ങൾ അടുത്ത ദിവസം തന്നെ പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറുമെന്ന് അടിമാലി പൊലീസ് അറിയിച്ചു.
നടപടിയെടുക്കാതിരുന്ന എസ്.പിക്കെതിരെയും പരാതി
2019 ൽ നടന്ന കുറ്റകൃത്യം വർഷങ്ങൾക്ക് ശേഷം 2023ൽ കൊച്ചി ഡിസിപി ആയിരുന്ന ശശിധരനോട് പറഞ്ഞിരുന്നതായി യുവതി പറഞ്ഞിരുന്നു. പരാതിയെ പറ്റി തനിക്കറിയാമായിരുന്നുവെന്ന് ഇപ്പോൾ മലപ്പുറം എസ്പി ആയ ശശിധരനും സമ്മതിച്ചിരുന്നു. ഈ സാഹചര്യത്തിൽ ലൈംഗിക പീഡന ആരോപണം മറച്ച് വെച്ചെന്ന് ചൂണ്ടിക്കാട്ടി മലപ്പുറം എസ് പി ശശിധരനെതിരെ നടപടി ആവശ്യപ്പെട്ട് എറണാകുളം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ പരാതിയെത്തി. പരാതിക്കാരിയുടെ വെളിപ്പെടുത്തലിൽ വിവരം നേരത്തെ അറിഞ്ഞിട്ടും ശശിധരൻ കുറ്റം മറച്ച് വെച്ചെന്നാണ് കൊച്ചിയിലെ അഭിഭാഷകനായ അഡ്വ. ബൈജു നോയലിന്റെ പരാതി. കുറ്റം അറിഞ്ഞിട്ടും നടപടി എടുക്കുന്നതിൽ വീഴ്ച സംഭവിച്ചതിൽ ക്രിമിനൽ നടപടി എടുക്കണമെന്നാണ് പരാതിയിലെ ആവശ്യം. എന്നാൽ വ്യക്തിപരമായ കാരണങ്ങൾ കൊണ്ട് യുവതി നേരത്തെ പരാതി നൽകാൻ തയ്യാറായിരുന്നില്ല. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വന്നതാണ് കാര്യങ്ങൾ തുറന്ന് പറയാൻ തന്നെ പ്രേരിപ്പിച്ചതെന്നാണ് യുവതി വിശദീകരിക്കുന്നത്.