‘തമിഴ് സിനിമാ ഇൻഡസ്ട്രിയിലും പ്രശ്നങ്ങൾ ഉണ്ട്, ശുദ്ധീകരിച്ച് തുടങ്ങണം’: വെങ്കട്ട് പ്രഭു
ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വന്നതിന് പിന്നാലെ മലയാളസിനിമാ ലോകത്തെ വിവേചനങ്ങൾ ചർച്ചയായിരുന്നു. ഇപ്പോൾ തമിഴ് സിനിമയിലും ഇത്തരം വിവേചനങ്ങളും ചൂഷണങ്ങളും നടക്കാറുണ്ടെന്ന് തുറന്നു പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് സംവിധായകൻ വെങ്കട്ട് പ്രഭു. എൻഡിടിവിയ്ക്ക് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് വെങ്കട്ട് പ്രഭു ഇക്കാര്യം തുറന്ന് പറഞ്ഞത്.
‘തമിഴ് സിനിമയിലും ചൂഷണങ്ങൾ നടക്കുന്നുണ്ട്. ഇനി മുതൽ എങ്കിലും തമിഴ് സിനിമാലോകം ഇത്തരം കാര്യങ്ങളിൽ ശ്രദ്ധിച്ചു തുടങ്ങണം. വ്യവസായ മേഖലയിൽ സ്ത്രീകൾക്ക് സുരക്ഷിതമായ തൊഴിൽ അന്തരീക്ഷം ഒരുക്കണം.‘ വെങ്കട്ട് പ്രഭു പറഞ്ഞതിങ്ങനെ. തനിക്ക് രണ്ട് പെൺകുട്ടികളുണ്ടെന്ന് പറഞ്ഞ അദ്ദേഹം ഭാവിയിലെ കുറ്റകൃത്യങ്ങൾ തടയുന്നതിന് കുറ്റവാളികൾ ശിക്ഷിക്കപ്പെടുന്നുവെന്ന് ഉറപ്പാക്കേണ്ടതിൻ്റെ പ്രാധാന്യത്തെക്കുറിച്ചും സൂചിപ്പിച്ചു.
വെങ്കട് പ്രഭു സംവിധാനം ചെയ്യുന്ന ദളപതി വിജയ് ചിത്രം ‘ദി ഗ്രേറ്റസ്റ്റ് ഓഫ് ഓൾ ടെെം’ (ഗോട്ട്)’ സെപ്റ്റംബർ അഞ്ചിന് ആഗോള റിലീസായെത്തും. കേരളത്തിലും റെക്കോർഡ് റിലീസായി എത്തുന്ന ചിത്രം ശ്രീ ഗോകുലം മൂവീസാണ് വിതരണം ചെയ്യുന്നത്. കേരളത്തിലെ 700 -ലധികം സ്‌ക്രീനുകളിൽ ആദ്യ ദിനം 4000 – ലധികം ഷോകളാണ് ചിത്രത്തിനുണ്ടാവുക.
ആക്ഷൻ മൂഡിൽ ഒരുക്കിയ ഗോട്ട്, എജിഎസ് എന്റര്‍ടെയിന്‍മെന്റിന്റെ ബാനറിൽ കൽപാത്തി എസ് അഘോരം, കൽപാത്തി എസ് ഗണേഷ്, കൽപാത്തി എസ് സുരേഷ് എന്നിവർ ചേർന്നാണ് നിർമ്മിച്ചിരിക്കുന്നത്. മീനാക്ഷി ചൗധരി നായികാ വേഷം ചെയ്യുന്ന ചിത്രത്തിന്റെ താരനിരയിൽ പ്രശാന്ത്, പ്രഭുദേവ, ജയറാം, അജ്മൽ അമീർ, മോഹൻ, യോഗി ബാബു, വിടിവി ഗണേഷ്, സ്നേഹ, ലൈല, വൈഭവ്, പ്രേംഗി അമരൻ, അരവിന്ദ്, അജയ് രാജ്, പാർവതി നായർ, കോമൾ ശർമ്മ, യുഗേന്ദ്രൻ, അഭ്യുക്ത മണികണ്ഠൻ, അഞ്ജന കിർത്തി, ഗഞ്ചാ കറുപ്പ് എന്നിവരുമുണ്ട്.